മുംബൈ നെറ്റ്‌സിൽ വെടിക്കെട്ടുമായി ഡിവില്ലേഴ്‌സ് രണ്ടാമൻ :വിപ്ലവ ബാറ്റിങ് ഏറ്റെടുത്ത് ആരാധകർ

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ല്യേഴ്സിന്റെ പേരിൽ അറിയപ്പെടുന്ന യുവ ക്രിക്കറ്റ്‌ താരമാണ് ഡെവാൾഡ് ബ്രെവിസ്. 2022 അണ്ടർ 19 ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ബ്രെവിസിന്റെ ഷോട്ടുകൾ ഇതിഹാസ താരത്തെ അനുസ്മരിപ്പിക്കുന്നതുകൊണ്ട് ആരാധകർ അദ്ദേഹത്തെ ‘ബേബി എബി’ എന്ന് ഇഷ്ടത്തോടെ വിളിക്കുന്നു.

എബി ഡിവില്ല്യേഴ്സ്‌ ഐപിഎല്ലിനോട് വിട പറഞ്ഞ സാഹചര്യത്തിൽ, റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ബ്രെവിസിനെ സ്വന്തമാക്കും എന്ന് ആർസിബി ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും, ഐപിഎൽ 2022 മെഗാ ലേലത്തിൽ 3 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസാണ് യുവതാരത്തെ സ്വന്തമാക്കിയത്. ഐപിഎല്ലിന് മുന്നോടിയായുള്ള പരിശീലന സെഷൻ ആരംഭിച്ച മുംബൈ ഇന്ത്യൻസ്, കഴിഞ്ഞ ദിവസങ്ങളിൽ ഓരോ താരങ്ങളുടെയും നെറ്റ് പ്രാക്ടീസ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ദിവസം, ബ്രെവിസിന്റെ നെറ്റ്‌സിലെ ആദ്യ ബാറ്റിംഗ് സെഷന്റെ വീഡിയോ മുംബൈ ഇന്ത്യൻസ് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിരുന്നു. ഇതോടെ, ബ്രെവിസ് നെറ്റ്സിൽ എടുത്ത ചില ഷോട്ടുകൾ എബി ഡിവില്ലിയേഴ്സിന്റെ കാർബൺ കോപ്പി ആണ് എന്ന് ആരാധകർ അഭിപ്രായപ്പെട്ടു. നിമിഷ നേരം കൊണ്ടാണ് ബ്രെവിസിന്റെ ബാറ്റിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത്.

“കുറച്ച് ക്ലീൻ ഷോട്ടുകളുടെയും ഫൂട്ട് വർക്കുകളുടെയും കംപ്ലീറ്റ് പാക്കേജ്. ബ്ലൂ & ഗോൾഡ് നിറത്തിലെ ഡെവാൾഡിന്റെ ആദ്യ നെറ്റ് സെഷൻ,” എന്ന അടിക്കുറിപ്പോടെയാണ് മുംബൈ ബ്രെവിസിന്റെ ബാറ്റിംഗ് വീഡിയോ പങ്കുവെച്ചത്. നേരത്തെ, മുംബൈ പങ്കിട്ട മറ്റൊരു വീഡിയോയിൽ, പേസ് ബൗളർ ജസ്പ്രീത് ബുമ്ര ബ്രെവിസിനെ കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നു, “യുവതാരം ഇവിടെ എത്തിയിട്ടുണ്ട്. അവന്റെ ആദ്യ ദിവസം അവൻ വളരെ ആവേശഭരിതനാണ്. അവന് യാതൊരു ആമുഖവും ആവശ്യമില്ല. ഉടൻ തന്നെ നിങ്ങൾ അവനെ തിരിച്ചറിയും. വാക്കുകൾ കൊണ്ടല്ല, അവന്റെ ഗെയിം കൊണ്ട് അവൻ നിങ്ങളെ പരിചയപ്പെടും,” ബുമ്ര പറഞ്ഞു.