ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങളെ സ്വന്തമാക്കി അംബാനി, ലക്ഷ്യം കിരീടം!! ഇനിയാണ് മുംബൈയുടെ എൻട്രി

യുഎഇയുടെ ഫ്രാഞ്ചൈസി ക്രിക്കറ്റ്‌ ലീഗായ ഇന്റർനാഷണൽ ലീഗ് ടി20-ക്കുള്ള എംഐ എമിറേറ്റ്സ് ടീമിനെ പ്രഖ്യാപിച്ചു. ഐപിഎൽ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിന്റെ ഉടമ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയാണ് എംഐ എമിറേറ്റ്സ്. ടൂർണമെന്റിന്റെ ആദ്യം സീസണ് വേണ്ടി ഒരുങ്ങുന്ന എംഐ എമിറേറ്റ്സ്, അവരുടെ 14 അംഗ സ്‌ക്വാഡ് ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പരിചയസമ്പന്നരെയും യുവനിരയെയും കോർത്തിണക്കിയാണ് ടീം സെറ്റ് ചെയ്തിരിക്കുന്നത്.

ഇപ്പോൾ, മുംബൈ ഇന്ത്യൻസിനു വേണ്ടി കളിക്കുന്നവരും നേരത്തെ കളിച്ചിരുന്നവരുമായ ഒരുപിടി താരങ്ങൾ എംഐ എമിറേറ്റ്സ് സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിൽ നിന്ന് നാല് താരങ്ങളും, ഇംഗ്ലണ്ട്, അഫ്‌ഘാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതം താരങ്ങളും, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, സ്കോട്ട്ലാൻഡ്, നെതർലാൻഡ്സ്‌ എന്നിവിടങ്ങളിൽ നിന്ന് ഓരോ താരങ്ങളും ആണ് എംഐ എമിറേറ്റ്സ് സ്‌ക്വാഡിൽ ഉൾപ്പെട്ടിരിക്കുന്നത്.

മുംബൈ ഇന്ത്യൻസിന്റെ വെസ്റ്റ് ഇൻഡീസ് വെറ്റെറൻ ഓൾറൗണ്ടർ കിറോൻ പൊള്ളാർഡ് എംഐ എമിറേറ്റ്സ്‌ ടീമിന് വേണ്ടിയും കളിക്കും. കഴിഞ്ഞ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരുന്ന വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡ്വയ്ൻ ബ്രാവോ, മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരുന്ന ഇമ്രാൻ താഹിർ എന്നിവരെയും എംഐ എമിറേറ്റ്സ്‌ സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ മുംബൈ ഇന്ത്യൻസ് താരങ്ങളായിരുന്ന നിക്കോളാസ് പൂരൻ, ട്രെന്റ് ബോൾട്ട് എന്നിവരെയും എംഐ എമിറേറ്റ്സ്‌ സ്വന്തമാക്കി.

വിക്കറ്റ് കീപ്പർ ബാറ്റർ അന്ദ്രേ ഫ്ളക്ക്ച്ചർ ആണ് എംഐ എമിറേറ്റ്സ്‌ സ്വന്തമാക്കിയ വെസ്റ്റ് ഇൻഡീസിൽ നിന്നുള്ള മറ്റൊരു താരം. സമിത് പട്ടേൽ, വിൽ സമീദ്, ജോർദാൻ തോംപ്സൺ എന്നിവരെയാണ് എംഐ എമിറേറ്റ്സ്‌ ഇംഗ്ലണ്ടിൽ നിന്ന് സ്വന്തമാക്കിയത്. അഫ്‌ഘാൻ താരങ്ങളായ നജിബുള്ള സദ്രാൻ, സാഹിർ ഖാൻ, ഫസൽഹഖ് സദ്രാൻ എന്നിവരെയും സ്കോട്ലാൻഡിന്റെ ബ്രാഡ്ലി വീൽ, നെതർലൻഡ്സിന്റെ ബാസ് ഡെ ലീഡ് എന്നിവരെയും എംഐ എമിറേറ്റ്സ്‌ സ്വന്തമാക്കിയിട്ടുണ്ട്.