മഹേല ജയവർധനയും സഹീർ ഖാനും മുംബൈ ഇന്ത്യൻസിന്റെ പരിശീലക പദവികൾ ഒഴിഞ്ഞു

ഏറ്റവും കൂടുതൽ തവണ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയുടെ മാനേജ്മെന്റിൽ നിർണായക മാറ്റങ്ങൾ വരുത്തി ഉടമകൾ. പരിശീലക സംഘത്തിലാണ് മുംബൈ ഇന്ത്യൻസ് അഴിച്ചു പണി നടത്തിയിരിക്കുന്നത്. മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലകനായിരുന്ന ശ്രീലങ്കൻ ഇതിഹാസം മഹേല ജയവർധനയും ഫ്രാഞ്ചൈസിയുടെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്‌ ആയിരുന്ന ഇന്ത്യൻ ഇതിഹാസ ഫാസ്റ്റ് ബൗളർ സഹീർ ഖാനും അവരവർ വഹിച്ചിരുന്ന സ്ഥാനങ്ങൾ ഒഴിഞ്ഞു.

പുതിയതായി ആരംഭിക്കാനിരിക്കുന്ന യുഎഇ, ദക്ഷിണാഫ്രിക്ക ലീഗുകളിൽ മുംബൈ ഇന്ത്യൻസ് ഉടമകളായ റിലയൻസ് ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിദേശ ഫ്രാഞ്ചൈസികളുടെ കൂടി ചുമതലകൾ ഉൾക്കൊള്ളുന്ന പുതിയ പദവികൾ ജയവർധനക്കും സഹീർ ഖാനും നൽകുന്നതിന്റെ ഭാഗമായിയാണ് ഇരുവരും ഇതുവരെ മുംബൈ ഇന്ത്യൻസിൽ വഹിച്ചിരുന്ന പദവികൾ ഒഴിഞ്ഞിരിക്കുന്നത്.

6 സീസണുകളിൽ ഇന്ത്യൻ സിനിമ പരിശീലകനായിരുന്ന മഹേല ജയവർധന, ഇനി മുംബൈ ഇന്ത്യൻസിന് പുറമെ യുഎഇ, ദക്ഷിണാഫ്രിക്ക ലീഗുകളിലെ റിലയൻസിന്റെ ഫ്രാഞ്ചൈസികളുടെ കൂടി ചുമതല വഹിക്കും. മൂന്ന് ടീമുകളുടെയും ചുമതല ഉൾക്കൊള്ളുന്ന, ഹെഡ് ഓഫ് പെർഫോമൻസ് എന്ന പദവിയാണ് ഇനി ജയവർധന വഹിക്കുക. അതേസമയം, സഹീർ ഖാനും ഇനി പുതിയ ഉത്തരവാദിത്വങ്ങളുടെയും ദൗത്യത്തിന്റെയും ഭാഗമാകും.

മുംബൈ ഇന്ത്യൻ ഉൾപ്പെടെയുള്ള 3 ഫ്രാഞ്ചൈസികളുടെയും ഗ്ലോബൽ ഹെഡ് ഓഫ് ക്രിക്കറ്റ് ഡെവലപ്മെന്റ് എന്ന പദവിയാണ് ഇനി സഹീർ വഹിക്കുക. അതേസമയം, മുംബൈ ഇന്ത്യൻസിന് മൂന്നുതവണ ഐപിഎൽ ജേതാക്കൾ ആക്കിയ ജയവർധനക്ക് പകരം ഇനി ആരായിരിക്കും മുംബൈ ഇന്ത്യൻസിന്റെ പരിശീലക പദവി ഏറ്റെടുക്കുക എന്നതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഇപ്പോൾ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ വിക്കറ്റ് കീപ്പർ മാർക് ബൗച്ചർ മുംബൈ ഇന്ത്യൻസിന്റെ പരിശീലക പദവി ഏറ്റെടുക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്.