‘കാരം ബോൾ’ ലോക ക്രിക്കറ്റിന് സംഭാവന ചെയ്ത ‘മിസ്റ്ററി സ്പിന്നർ’ ; നിഗൂഢതകളുടെ കളിത്തോഴൻ

തന്റെ ‘കാരം ബോൾ’ കൊണ്ട് എതിരാളികളുടെ മുട്ട് മടക്കിച്ച ബൗളറാണ് അജന്ത മെൻഡിസ്. ലോക ക്രിക്കറ്റ്‌ ആരാധകർ അയാളെ ശ്രീലങ്കൻ ‘മിസ്റ്ററി സ്പിന്നർ’ എന്ന് വിളിച്ചു. ക്യാരം ബോർഡിൽ ഒരു സ്‌ട്രൈക്കറെ പോലെ പന്ത് ഫ്ലിക്കുചെയ്ത് ലെഗ് ബ്രേക്കുകൾ എറിഞ്ഞു എതിരിൽ നിൽക്കുന്ന ബാറ്ററുടെ വിക്കറ്റുകൾ പിഴുതെറിഞ്ഞ മെൻഡിസ്, തന്റെ കരിയറിൽ 19 ടെസ്റ്റുകളിൽ നിന്ന് 70 വിക്കറ്റുകളും 87 ഏകദിനങ്ങളിൽ നിന്ന് 152-ഉം 39 ടി20 കളിൽ നിന്ന് 66-ഉം വിക്കറ്റുകൾ വീഴ്ത്തി.

2008 ഏപ്രിലിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിൽ 39 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയാണ് രാജ്യാന്തര ക്രിക്കറ്റിൽ മെൻഡിസ് തന്റെ അരങ്ങേറ്റം കുറിച്ചത്, എന്നാൽ, 2008 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ 6/13 എന്ന സ്‌പെല്ലോടെയാണ് മെൻഡിസ് ലോക ക്രിക്കറ്റിലേക്ക് തന്റെ വരവ് പ്രഖ്യാപിച്ചത്. അതേ വർഷം തന്നെ, ഇന്ത്യക്കെതിരെ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച സ്പിന്നർ, അരങ്ങേറ്റ മത്സരത്തിൽ 8-132 എന്ന സ്‌പെല്ലോടെ, അരങ്ങേറ്റ മത്സരത്തിൽ 8 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ശ്രീലങ്കൻ ബൗളറായി മാറി. മാത്രമല്ല, 3 ടെസ്റ്റ്‌ മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ, 26 വിക്കറ്റ് വീഴ്ത്തി, അരങ്ങേറ്റ ടെസ്റ്റ്‌ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളർ എന്ന റെക്കോർഡും മെൻഡിസ് കുറിച്ചു.

പിന്നീട്, 2008-ൽ തന്നെ ടി20 യിലും ശ്രീലങ്കൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച മെൻഡിസ്, 2008-12 കാലഘട്ടത്തിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ശ്രീലങ്കൻ ടീമിന്റെ അഭിവാജ്യ ഘടകമായി മാറി. സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനോടൊപ്പം കളിച്ച 2008-10 കാലഘട്ടം, അജന്ത മെൻഡിസ് എന്ന ബൗളറുടെ ക്രിക്കറ്റ്‌ കരിയറിലെ സുവർണ്ണ ലിബികളാൽ എഴുതിവെക്കപ്പെട്ട കാലഘട്ടമായി കണക്കാക്കാം. തുടർന്ന്, മുത്തയ്യ മുരളീധരന്റെ വിരമിക്കലിന് ശേഷം, മെൻഡിസ്, ശ്രീലങ്കൻ ബൗളിംഗ് യൂണിറ്റിന്റെ നായകത്വം ഏറ്റെടുത്തു.

19 മത്സരങ്ങളിൽ നിന്ന് ഏറ്റവും വേഗത്തിൽ 50 ഏകദിന വിക്കറ്റുകൾ തികയ്ക്കുന്ന ബൗളർ എന്ന റെക്കോർഡ് ഇപ്പോഴും മെൻഡിസിന്റെ പേരിലാണ്. മാത്രമല്ല, 2019-ൽ ഇന്ത്യൻ പേസർ ദീപക് ചാഹർ ടി20 ക്രിക്കറ്റിൽ ഒരു മത്സരത്തിൽ 6 വിക്കറ്റ് നേട്ടം കൈവരിക്കുന്നത് വരെ, ലോക ക്രിക്കറ്റിൽ ഈ നേട്ടം കൈവരിച്ച ഏക ബൗളർ മെൻഡിസ് ആയിരുന്നു. പന്ത് ഇരുവശത്തേക്കും സ്പിൻ ചെയ്യാനും സ്കിഡ് ചെയ്യാനും കഴിവുള്ള മെൻഡിസ് തന്റെ ബൗളിംഗിൽ ഒരു നിഗൂഢത കാത്തുസൂക്ഷിച്ചിരുന്നു. ആ നിഗൂഢത മുൻകൂട്ടി പ്രവചിക്കുന്നതിൽ എതിർ ബാറ്റർമാർ പരാജയപ്പെട്ടതോടെ, ശ്രീലങ്കൻ ക്രിക്കറ്റ്‌ ചരിത്രത്തിലെ സുവർണ്ണ താരമായി അജന്ത മെൻഡിസ് മാറി.

പക്ഷേ, പിൽക്കാലത് ആ നിഗൂഢത മങ്ങുകയും ബാറ്റർമാർ മെൻഡിസിന്റെ ട്രിക്ക് കണ്ടെത്തുകയും ചെയ്തതോടെ, മെൻഡിസിന്റെ പ്രകടനങ്ങൾ കുറയാൻ തുടങ്ങി. കൂടാതെ തുടർച്ചയായുള്ള പരിക്കുകളും വില്ലനായതോടെ, സെലക്ടർമാർ അദ്ദേഹത്തിന് നേരെയുള്ള റഡാർ പൂർണ്ണമായും ഒഴിവാക്കി. അതോടെ, 29-ാം വയസ്സിൽ ശ്രീലങ്കൻ ക്രിക്കറ്റ്‌ കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ അജന്ത മെൻഡിസിന്റെ കരിയറിന് 2014-ൽ തിരശീല വീണു. തന്റെ ചെറിയ കരിയറിൽ വിവിധ ഉയർച്ച താഴ്ച്ചകൾ കണ്ട മെൻഡിസ് തന്റെ കരിയറിന്റെ ഏറ്റവും ഉയർന്ന സമയത്ത് നിരവധി മികച്ച ബാറ്റ്സ്മാൻമാർക്ക് ഉറക്കമില്ലാത്ത കുറച്ച് രാത്രികൾ നൽകിയതിൽ അഭിമാനിക്കണം.