തിരിച്ചുവരവിനുള്ള സാധ്യതകൾ ഇപ്പോഴും അസ്തമിച്ചിട്ടില്ല;തിരിച്ചുവരവിനെ സംബന്ധിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് മായങ്ക് അഗർവാൾ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് താരങ്ങളുടെ ധാരാളിത്തം. ടീം എന്ന നിലയിൽ ഇത് ഇന്ത്യക്ക് ഗുണം ചെയ്യുമെങ്കിലും, കഴിവുണ്ടായിട്ടും ടീമിൽ സ്ഥാനം കണ്ടെത്താൻ കഷ്ടപ്പെടുത്തുന്നത് കളിക്കാർക്ക് വ്യക്തിപരമായി മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ പ്രശ്നം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കളിക്കാരിൽ ഒരാളാണ് ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ.

27-ാം വയസ്സിൽ ടെസ്റ്റ് ഫോർമാറ്റിലൂടെയാണ് അഗർവാൾ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന്, ഇന്ത്യൻ ടെസ്റ്റ്‌ ടീമിന്റെ സ്ഥിര ഓപ്പണർ ആയും അഗർവാൾ മാറി. 2020-ൽ അഗർവാൾ ഇന്ത്യയുടെ ഏകദിന ടീമിലും അരങ്ങേറ്റം കുറിച്ചു. എന്നാൽ, കഴിഞ്ഞ ഐപിഎൽ സീസണിൽ അഗർവാൾ മോശം പ്രകടനമാണ് കാഴ്ചവച്ചത്. പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റൻ കൂടിയായിരുന്ന അഗർവാളിന്റെ മോശം പ്രകടനം പഞ്ചാബ് കിംഗ്സിനേയും ദോഷമായി ബാധിച്ചിരുന്നു.

ഐപിഎല്ലിന് ശേഷം അഗർവാളിന് ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്താൻ സാധിച്ചിട്ടില്ല. അഗർവാൾ ഫോം ഔട്ട് ആയതും, ശിഖർ ധവാൻ, രോഹിത് ശർമ്മ, കെഎൽ രാഹുൽ എന്നീ സീനിയർ ഓപ്പണർമാർക്കൊപ്പം ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്കവാദ് തുടങ്ങിയ യുവതാരങ്ങളും ഇന്ത്യൻ ടീമിൽ സ്ഥിരമായി സ്ഥാനം കണ്ടെത്തിയതോടെ അഗർവാളിന്റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രയാസകരമായിരിക്കുകയാണ്. എന്നാൽ, കഴിഞ്ഞ മഹാരാജാസ് ടി20 ടൂർണ്ണമെന്റ് മികച്ച പ്രകടനം പുറത്തെടുത്ത അഗർവാൾ, ഇപ്പോൾ ഇന്ത്യൻ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവിനെ സംബന്ധിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ്.

“ഞാൻ മുൻ വർഷങ്ങളിൽ കഠിനമായ പരിശീലനം ചെയ്തിരുന്നു, അതിന്റെ ഫലമായിയാണ് ഞാൻ സ്ഥിരമായി ഇന്ത്യൻ ടീമിൽ കളിച്ചിരുന്നത്. ഇപ്പോൾ, ഞാൻ വീണ്ടും കഠിനമായ പരിശീലനം നടത്തുന്നുണ്ട്. പേസർമാർക്കെതിരെ സ്വീപ് ഷോട്ട് കളിക്കാൻ ഞാൻ ഇപ്പോൾ പരിശീലിക്കുന്നു. ഇന്ത്യൻ ടീമിലേക്കുള്ള എന്റെ തിരിച്ചുവരവ് വേഗത്തിലാക്കാൻ ഞാൻ പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു,” 31-കാരനായ മായങ്ക് അഗർവാൾ പറഞ്ഞു