ഇങ്ങനെയുണ്ടോ ഒരു രക്ഷപ്പെടൽ..!! ശ്രീലങ്കൻ വിക്കറ്റ് കീപ്പറുടെ അബദ്ധം മുതലെടുത്ത് ഗ്ലെൻ മാക്സ്വെൽ

ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്, അതിൽ പലപ്പോഴും റൺസിന് വേണ്ടി ബാറ്റർമാർ വിക്കറ്റുകൾക്കിടയിൽ ഓടുമ്പോൾ സംഭവിക്കുന്ന അബദ്ധങ്ങളാണ് കാണികൾക്ക് രസകരമായി തോന്നാറുള്ളത്. അധികവും തെറ്റിദ്ധാരണയുടെ പുറത്ത് ബാറ്റർ ഒരേ ദിശയിലേക്ക് ഓടുന്നതും, തുടർന്ന് റൺഔട്ടിൽ കലാശിക്കുന്ന രംഗങ്ങളും ക്രിക്കറ്റ്‌ ആരാധകർ നിരവധി തവണ കണ്ടിട്ടുള്ളതാണ്.

എന്നാൽ, ഇപ്പോൾ അവയിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു സംഭവത്തിനാണ് ഇന്ന് നടന്ന ഓസ്ട്രേലിയ ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ കാണികൾ സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ, ശ്രീലങ്കൻ ബൗളർ മഹേഷ്‌ തീക്ഷണ എറിഞ്ഞ 12-ാം ഓവറിലെ രണ്ടാം പന്തിലാണ് രസകരമായ സംഭവം നടന്നത്.

തീക്ഷണയുടെ പന്ത് സ്ട്രൈക്കിൽ നിന്നിരുന്ന ഗ്ലെൻ മാക്സ്വെല്ലിന്റെ ബാറ്റിൽ എഡ്ജ് ചെയ്ത് ബാക്വാർഡിൽ പോയതോടെ, അതിവേഗം ഒരു റൺസിനായി മാക്സ്വെൽ ഓടാൻ തയ്യാറെടുത്തു. എന്നാൽ, ക്രീസ് വിട്ട ഉടനെ മാക്സ്വെല്ലിന് പന്ത് ഫീൽഡറുടെ കയ്യിൽ അകപ്പെട്ടു എന്ന് മനസ്സിലായതോടെ, മാക്സ്വെൽ റൺസിനായുള്ള ശ്രമത്തിൽ നിന്ന് പിന്മാറി, സ്ട്രൈക്കിങ്‌ എൻഡിലേക്ക് തന്നെ തിരിഞ്ഞോടി.

പക്ഷെ, അപ്പോഴേക്കും നോൺ സ്ട്രൈക്കിൽ ഉണ്ടായിരുന്ന ഇൻഗ്ളിസ് പിച്ചിന്റെ പകുതി ഭാഗവും കടന്നിരുന്നു, തുടർന്ന് വിക്കറ്റ് നഷ്ടപ്പെടാതിരിക്കാൻ ഇരുവരും സ്ട്രൈക്കിങ്‌ എൻഡിലേക്ക് ഓടിയെത്തി. എന്നാൽ, ഫീൽഡർ പന്ത് വിക്കറ്റ് കീപ്പർക്ക്‌ കൈമാറിയിരുന്നെങ്കിലും, വിക്കറ്റ് കീപ്പർ ചാണ്ഡിമലിന് പന്ത് കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും, ഇൻഗ്ളിസിനോട് ക്രീസിൽ തുടരാൻ ആവശ്യപ്പെട്ട്, മാക്സ്വെൽ നോൺ സ്ട്രൈക്ക് എൻഡ് ലക്ഷ്യമാക്കി ഓടുകയും, ഓസ്ട്രേലിയ ഒരു റൺസ് നേടുകയും ചെയ്തു.