സഞ്ജുവിന്റെ മണ്ടൻ തീരുമാനം ; രാജസ്ഥാന് നഷ്ടമായത് പ്ലേഓഫോ!! വീഡിയോ കാണാം

നവി മുംബൈയിലെ ഡോ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022-ലെ 58-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 8 വിക്കറ്റ് ജയം. മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് രണ്ടാം വിക്കറ്റിലെ ഡേവിഡ് വാർണർ – മിച്ചൽ മാർഷ് സെഞ്ച്വറി കൂട്ടുകെട്ടാണ് അനായാസ ജയം നേടിക്കൊടുത്തത്.

41 പന്തിൽ 5 ഫോറും ഒരു സിക്സും ഉൾപ്പടെ വാർണർ 52 റൺസ് നേടിയപ്പോൾ, 62 പന്തിൽ 5 ഫോറും 7 സിക്സും സഹിതം 89 റൺസായിരുന്നു മിച്ചൽ മാർഷിന്റെ സമ്പാദ്യം. എന്നാൽ, മത്സരത്തിൽ നിർണ്ണായകമായ ഓസീസ് കൂട്ടുക്കെട്ട് തുടക്കത്തിൽ തന്നെ തകർക്കാൻ അവസരം ലഭിച്ചിട്ടും, അത് മുതലെടുക്കാതിരുന്ന രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണാണ് ഇപ്പോൾ റോയൽസ്‌ നേരിട്ട തോൽവിക്ക് പഴി കേൾക്കുന്നത്.

ഇന്നിംഗ്സിന്റെ മൂന്നാം ഓവറിലാണ് രാജസ്ഥാനെ തേടി നിർണ്ണായക അവസരം ലഭിച്ചത്. ട്രെന്റ് ബോൾട്ട് എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം ഡെലിവറി, ഒരു ഇൻസ്വിങ് യോർക്കറായി പതിച്ചപ്പോൾ, അത് നേരിടുന്നതിൽ മിച്ചൽ മാർഷ് പരാജയപ്പെടുകയും പന്ത് മാർഷിന്റെ പാഡിൽ തട്ടുകയും ചെയ്തു. ഉടനെ, ബോൾട്ട് അപ്പീൽ ചെയ്തെങ്കിലും വിക്കറ്റ് നൽകാൻ ഓൺ-ഫീൽഡ് അമ്പയർ തയ്യാറായില്ല. അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാൻ രാജസ്ഥാൻ റോയൽസ് നായകന് അവസരമുണ്ടായിരുന്നെങ്കിലും സഞ്ജു അത് ഉപയോഗിക്കാൻ തയ്യാറായില്ല.

തുടർന്ന്, കാണിച്ച റിപ്ലൈ ദൃശ്യങ്ങളിൽ പന്ത് മാർഷിന്റെ പാഡിൽ തട്ടുന്നത് വ്യക്തമായി കാണാൻ കഴിയുകയും ബോൾ ട്രാക്കിംഗിൽ അത് വിക്കറ്റ് ആണെന്ന് വ്യക്തമാവുകയും ചെയ്തു. എന്നാൽ, മാർഷിന്റെ എൽബിഡബ്ല്യു അപ്പീൽ പാഡിലാണ് തട്ടിയതെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല എന്നും, മറിച്ച് അത് ബാറ്റിലാണ് തട്ടിയത് എന്നാണ് താൻ കരുതിയതെന്നും സഞ്ജു മത്സരശേഷം വിശദീകരണം നൽകി. എന്തുതന്നെയായാലും, സഞ്ജുവിന്റെ ആ തീരുമാനം മത്സരഫലത്തെ വലിയ രീതിയിൽ സ്വാധീനിച്ചു എന്ന് വ്യകതമാണ്.