റസിയ വീണ്ടും മലയാളികൾക്ക് മുന്നിലെത്തുന്നു;ആയിഷയിലെ നിഷയായി റസിയ,കഥാപാത്രത്തെ പരിചയപ്പെടുത്തി മഞ്ജു വാര്യർ

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച് നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രമാണ് ‘ആയിഷ’. സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളുടെ സംവിധായകനായ സക്കരിയ മുഹമ്മദ് ആണ് ഈ മഞ്ജു വാര്യർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആഷിഫ് കക്കോടി തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിൽ കൃഷ്ണ ശങ്കർ, രാധിക, പൂർണിമ തുടങ്ങി നിരവധി അഭിനേതാക്കൾ വേഷമിട്ടിട്ടുണ്ട്.

ജനുവരി 20-ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ക്യാരക്ടർ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടി രാധികയുടെ ക്യാരക്ടർ പോസ്റ്റർ മഞ്ജു വാര്യർ പുറത്തുവിട്ടിരുന്നു. രാധിക എന്ന സ്വന്തം പേരിനേക്കാൾ ഉപരി, ലാൽ ജോസ് സംവിധാനം ചെയ്ത ‘ക്ലാസ്മേറ്റ്സ്’ എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തെയായിരിക്കും മലയാള സിനിമ പ്രേക്ഷകർക്ക് കൂടുതൽ പരിചിതം.

2013-ൽ ‘പകരം’ എന്ന സിനിമയിൽ വേഷമിട്ടതിനുശേഷം രാധിക സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ശേഷം, 2019-ൽ പുറത്തിറങ്ങിയ ‘ഓള്’ എന്ന സിനിമയിൽ നീണ്ട ആറു വർഷങ്ങൾക്ക് ശേഷം രാധിക അഭിനയിച്ചിരുന്നു. പിന്നീടും, സിനിമയിൽ നിന്ന് വിട്ടു നിന്ന് കുടുംബജീവിതത്തിലേക്ക് പോയ രാധിക ഇപ്പോൾ നാലു വർഷങ്ങൾക്കുശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ‘നിഷ’ എന്ന കഥാപാത്രത്തെയാണ് രാധിക ‘ആയിഷ’ എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്.

രാധികക്ക് ആമുഖം ആവശ്യമില്ല എന്ന കുറിപ്പോടെയാണ് മഞ്ജുവാര്യർ ഈ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. “രാധികക്ക് ആമുഖം ആവശ്യമില്ല, ക്ലാസ്മേറ്റ്സിലെ റസിയ എന്ന പെൺകുട്ടിയെ ഇന്നും കേരളത്തിന് പരിചിതയാണ്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു വേഷത്തിൽ ഞങ്ങൾ അവളെ പരിചയപ്പെടുത്തുന്നു, വളരെ കഴിവും ആകർഷകവുമായ സ്ത്രീയായ, നിഷ!” രാധികയുടെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മഞ്ജു വാര്യർ കുറിച്ചു. നേരത്തെ, ‘ആയിഷ’യിൽ വേഷമിടുന്ന ഈജിപ്ഷ്യൻ നടൻ ഇസ്ലാം അബ്ദുൽഗവാദിന്റെ ക്യാരക്ടർ പോസ്റ്ററും മഞ്ജു വാര്യർ പങ്കുവെച്ചിരുന്നു.

Rate this post