അവൻ സഹായിക്കണം ഇന്ത്യക്ക്‌ ജയിക്കാൻ അത്‌ മതി :വമ്പൻ പ്രവചനവുമായി മുൻ താരം

ഇന്ത്യ – ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റൺ ടെസ്റ്റ്‌ മത്സരം അവസാന ദിനത്തിലേക്ക് കടക്കുമ്പോൾ ഗംഭീര ക്ലൈമാക്സ്‌ ആണ് മത്സരം ഒളിപ്പിച്ചുവച്ചിരിക്കുന്നത്. മത്സരത്തിന്റെ ആദ്യ മൂന്ന് ദിനങ്ങളും ഇന്ത്യക്ക് ആയിരുന്നു മുൻ‌തൂക്കമെങ്കിലും, നാലാം ദിനം കളി ആകെ മാറി മറിയുകയായിരുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 132 റൺസ് ലീഡ് നേടുകയും, രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിൽ 245 റൺസ് കൂടി കൂട്ടിച്ചേർത്ത് 378 റൺസ്‌ ഇംഗ്ലണ്ടിന് മുന്നിൽ വിജയലക്ഷ്യം ഉയർത്തുകയായിരുന്നു.

എന്നാൽ, ഒന്നാം ഇന്നിംഗ്സിൽ നിന്ന് വ്യത്യസ്തമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിൽ പിടിമുറുക്കുന്ന ഇംഗ്ലണ്ടിനെയാണ് കണ്ടത്. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനായി, ഓപ്പണർമാരായ അലക്സ്‌ ലീസ് (56), സാക് ക്രൗലി (46) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഒലി പോപ്പ് (0) നിരാശപ്പെടുത്തി. എന്നിരുന്നാലും, ജോ റൂട്ട് (76*), ജോണി ബെയർസ്റ്റോ (72*) എന്നിവർ ക്രീസിൽ നിലയുറപ്പിച്ചതോടെ കളിയിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ആധിപത്യം പുലർത്തുകയാണ്.

നിലവിൽ, ഇംഗ്ലണ്ട് വിജയത്തിൽ നിന്ന് 119 റൺസ് മാത്രം അകലെയാണ്‌. എന്നാൽ, ഇന്ത്യക്കാകട്ടെ 259/3 എന്ന നിലയിൽ നിൽക്കുന്ന ഇംഗ്ലണ്ടിന്റെ അവശേഷിക്കുന്ന 7 വിക്കറ്റുകളും വീഴ്ത്തേണ്ടതുണ്ട്. ഇതോടെ, നേരത്തെ ഇന്ത്യ അനായാസം ജയിക്കും എന്ന് കരുതിയിരുന്നവർ ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. എന്നാൽ, മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ജരേക്കർ ഇപ്പോഴും ഇന്ത്യ ജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ തിരിച്ചുവരവ് തള്ളിക്കളയാനാകില്ല എന്ന് വിശ്വസിക്കുന്ന മഞ്ജരേക്കർ, ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയാൽ മത്സരം ഇന്ത്യയുടെ വരുതിയിൽ വരുത്താവുന്നതേ ഒള്ളു എന്നും പറഞ്ഞു. “ഇന്ത്യയുടെ തിരിച്ചുവരവ് തള്ളിക്കളയരുത്. മുമ്പ് പലതവണ അവർ അത് ചെയ്തിട്ടുണ്ട്. ടീമിൽ രണ്ട് ലോകോത്തര സീമർമാരുണ്ടെങ്കിൽ അത് എല്ലായ്പ്പോഴും ഒരു സാധ്യതയാണ്. നാളെ കാലാവസ്ഥ അൽപ്പം മാറണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു,” മഞ്ജരേക്കർ ട്വീറ്റ് ചെയ്തു.