എന്തിന് മുംബൈ ഇന്ത്യൻസിനെ ഒഴിവാക്കി 😱😱ഒടുവിൽ മനസ്സ് തുറന്ന് മലിംഗ

ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനാണ് മുൻ ശ്രീലങ്കൻ പേസർ ലസിത് മലിംഗ. പ്രഥമ ഐപിഎൽ സീസൺ മുതൽ 2019-ൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത് വരെ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന മലിംഗ, 2022 ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനൊപ്പം പുതിയ റോളിൽ പ്രത്യക്ഷപ്പെടാനുള്ള ഒരുക്കത്തിലാണ്. രാജസ്ഥാൻ റോയൽസിന്റെ ഫാസ്റ്റ് ബൗളിംഗ് കോച്ചിന്റെ റോളിലാണ് മലിംഗ വരും സീസണിൽ ഐപിഎല്ലിന് എത്തുന്നത്.

ഇപ്പോൾ, പുതിയ റോളിൽ റോയൽസിൽ ചേർന്നതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് 38-കാരനായ മലിംഗ. “തീർച്ചയായും എനിക്ക് പരിശീലകന്റെ വേഷവും എന്റെ അനുഭവം യുവതാരങ്ങൾക്ക് കൈമാറുന്നതും രാജസ്ഥാനിൽ ഒരു പുതിയ ചുമതലയാണ്. എന്നാൽ, ഞാൻ ഈ റോൾ മുമ്പ് മുംബൈയിൽ ചെയ്തിട്ടുണ്ട്. ഇപ്പോൾ രാജസ്ഥാൻ റോയൽസിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ഇത് എനിക്ക് ഒരു പുതിയ സ്ഥലമാണ്, പക്ഷേ ഇത്രയും കഴിവുള്ള ഒരു കൂട്ടം ബൗളർമാർക്കൊപ്പം പ്രവർത്തിക്കുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നു,” മലിംഗ പറയുന്നു.

“ടീമിൽ മികച്ച അന്താരാഷ്‌ട്ര, ആഭ്യന്തര കളിക്കാർ ഉണ്ട്. ഞാൻ അവരെ നേരിടുമ്പോഴെല്ലാം അത് കഠിനമായിരുന്നു. അവർ എല്ലായ്പ്പോഴും വളരെ മത്സരബുദ്ധിയുള്ളവരാണ്, അവർക്ക് ഏത് ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്നും ഞാൻ കരുതുന്നു,” മുൻ ശ്രീലങ്കൻ താരം പറഞ്ഞു. 13 സീസണുകളിൽ മുംബൈയുമായി സഹകരിച്ച ശേഷം റോയൽസിലേക്കുള്ള നീക്കം എങ്ങനെ സംഭവിച്ചുവെന്നും മലിംഗ വെളിപ്പെടുത്തുന്നു.

“യഥാർത്ഥത്തിൽ കഴിഞ്ഞ വർഷമാണ് കുമാർ (സംഗക്കാര) എന്നോട് ഈ റോളിൽ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചത്. എന്നാൽ കോവിഡും ബയോ ബബിൾ നിയന്ത്രണങ്ങളും ഉള്ളതിനാൽ, എന്റെ കുടുംബത്തിൽ നിന്ന് അകന്നു നിൽക്കാൻ ഞാൻ ആഗ്രഹിച്ചില്ല. എന്നാൽ ഈ വർഷം, ശ്രീലങ്കൻ ടീമിനൊപ്പം പ്രവർത്തിച്ചതിനാൽ, പുതിയൊരു കൂട്ടം കളിക്കാർക്കൊപ്പം പ്രവർത്തിക്കുന്നതിലൂടെ എന്റെ അനുഭവം ഉപയോഗിക്കാനും ഞാൻ ഇഷ്ടപ്പെടുന്ന ഗെയിമിലേക്ക് തിരികെ എത്താനും കഴിയുമെന്ന് എനിക്ക് തോന്നി,” ഐ‌പി‌എല്ലിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരൻ പറഞ്ഞു.