രാജസ്ഥാൻ ക്യാമ്പിൽ യോർക്കറുമായി മലിംഗ :കുറ്റി തെറിച്ചതിൽ ഞെട്ടി സഞ്ജുവും ടീമും (കാണാം വീഡിയോ )

മാർച്ച് 26 മുതൽ ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാൻ റോയൽസ് ഇപ്പോൾ. ആദ്യ ഐ‌പി‌എൽ സീസൺ ജേതാക്കൾക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. എന്നാൽ, 15-ാം സീസണിനിറങ്ങുന്ന റോയൽസ് തികച്ചും പുതിയ ഒരു ടീമിനെ അണിനിരത്തി, ഒപ്പം വളരെ പരിചയസമ്പന്നരായ സപ്പോർട്ട് സ്റ്റാഫുകളെയും ടീമിനൊപ്പം ചേർത്ത് വലിയ തയ്യാറെടുപ്പുകളോടെയാണ് വരുന്നത്.

മുഖ്യ പരിശീലകനായ ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഗക്കാരയ്ക്കൊപ്പം ഈ വർഷം മുൻ ശ്രീലങ്കൻ പേസർ ലസിത് മലിംഗയെയും രാജസ്ഥാൻ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഫാസ്റ്റ് ബൗളിംഗ് കോച്ചിന്റെ റോളിലേക്കാണ് രാജസ്ഥാൻ മലിംഗയെ നിയമിച്ചിരിക്കുന്നത്. ഇപ്പോൾ, മലിംഗ നെറ്റ്‌സിൽ പന്തെറിയുന്ന ഒരു ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുകയാണ് റോയൽസ്.

ജയ്പൂർ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ച വീഡിയോ ക്ലിപ്പിൽ, മലിംഗ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രശസ്തമായ യോർക്കർ ബൗൾ ചെയ്യുന്നതായി കാണാം. “ലസിത് മലിംഗ, അദ്ദേഹത്തിന് ഇപ്പോഴും അത് സാധ്യമാണ്!” എന്ന അടിക്കുറിപ്പോടെയാണ് RR വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങളിലൂടെ മുൻ പേസർക്ക് ബൗളിംഗിൽ ഇനിയും ഒരുപാട് സംഭാവന ചെയ്യാനുണ്ടെന്നതിന്റെ സൂചനകൾ നൽകുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ലസിത് മലിംഗ. നിലവിൽ 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുമായി ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറാണ് ഈ ശ്രീലങ്കൻ ഇതിഹാസം. ഐപിഎൽ ചരിത്രത്തിൽ ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി മാത്രം കളിച്ചിട്ടുള്ള അപൂർവ കളിക്കാരിൽ ഒരാളാണ് മലിംഗ, മുംബൈ ഇന്ത്യൻസിനൊപ്പം 12 സീസണുകൾ കളിച്ചിട്ടുണ്ട് ഈ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ.