സഞ്ജുവല്ല ഏഷ്യ കപ്പിന് മറ്റൊരു മലയാളി സാന്നിധ്യം!! സർപ്രൈസ് നീക്കവുമായി ബിസിസിഐ

ഏഷ്യ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിനെ ഇന്ത്യൻ സ്‌ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത് മലയാളി ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ലഭിച്ച അവസരങ്ങളിലെല്ലാം മികവ് പുലർത്തിയിട്ടും, പ്രധാന ടൂര്‍ണമെന്റുകൾ വരുമ്പോൾ സഞ്ജുവിനെ തഴയുന്ന പതിവിനെതിരെ ആരാധകർ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ നോർത്ത് ഇന്ത്യൻ ലോബി പ്രവർത്തിക്കുന്നുണ്ട് എന്ന് വരെ ആരാധകർ വിമർശനം ഉന്നയിച്ചിരുന്നു.

സഞ്ജു ഒരു മലയാളി ആയതുകൊണ്ട് മാത്രമാണ് അദ്ദേഹത്തെ ഇന്ത്യൻ ടീമിൽ നിന്ന് സെലക്ടർമാർ എപ്പോഴും തഴയുന്നത് എന്നായിരുന്നു സഞ്ജു ആരാധകരുടെ വിമർശനം. കഴിഞ്ഞ, അയർലൻഡ്, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ പര്യടനങ്ങളിൽ എല്ലാം തന്നെ സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക് എന്നിവർ ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയത്.

എന്നാൽ, ഇപ്പോൾ മലയാളികൾക്ക് സന്തോഷം പകരുന്ന മറ്റൊരു കാര്യമാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. സഞ്ജു ഇല്ലെങ്കിലും ഏഷ്യ കപ്പിനായി യുഎഇയിലേക്ക് പോകുന്ന ഇന്ത്യൻ ടീമിനൊപ്പം ഒരു മലയാളി സാന്നിധ്യം ഉണ്ടാകും. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായി അഡ്വ രജിത് രാജേന്ദ്രനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കേരള സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയാണ് അഡ്വ രജിത് രാജേന്ദ്രൻ.

ഇന്ത്യൻ ടീമിന്റെ മാനേജർ ആകുന്ന അഞ്ചാമത്തെ മലയാളിയാണ് അഡ്വ രജിത് രാജേന്ദ്രൻ. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തത് ഇപ്പോഴും മലയാളി ക്രിക്കറ്റ് ആരാധകർക്ക് ഉൾക്കൊള്ളാൻ ആയിട്ടില്ലെങ്കിലും, ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ഒരു മലയാളി സാന്നിധ്യം ഉള്ളത് മലയാളികൾക്ക് അഭിമാനമാണ്. ഓഗസ്റ്റ് 27-ന് ആരംഭിക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റിൽ, ഓഗസ്റ്റ് 28-ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യുഎഇയിൽ എത്തുന്നത്.

Rate this post