ഇന്ത്യയുടെ മരതക നക്ഷത്രമാണ് അവൻ : താരത്തെ പുകഴ്ത്തി മുൻ ഓസ്ട്രേലിയൻ താരം

ഇന്ത്യൻ താരത്തെ പ്രശംസകൾകൊണ്ട് മൂടി ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്ത്. ഇന്ത്യയുടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയേയാണ്‌ മുൻ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ പ്രശംസിച്ച് രംഗത്തെത്തിയത്. ഏത് ടീമും ആഗ്രഹിക്കുന്ന മൂല്ല്യവത്തായ ഒരാളാണ് ഹാർദിക് പാണ്ഡ്യ എന്നാണ് ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ഗ്ലെൻ മഗ്രാത്ത് പറയുന്നത്. ഹാർദിക് പാണ്ഡ്യയുടെ ബാറ്റിംഗ്, ബൗളിംഗ് പ്രകടനങ്ങളെ കൃത്യമായി വീക്ഷിച്ചുകൊണ്ടാണ് മഗ്രാത്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്.

“ഇന്ത്യയുടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ പോലെ ഒരു കളിക്കാരനെ ഏത് ഒരു ടീമും ആഗ്രഹിക്കും. ക്രിക്കറ്റ് കോൺഫിഡൻസിന്റെ മേലുള്ള കളിയാണ്. ഹാർദിക് പാണ്ഡ്യക്ക് ആ കോൺഫിഡൻസ് വേണ്ടുവോളം ഉണ്ട്. അദ്ദേഹം വളരെ മൂല്യമുള്ള ഒരു കളിക്കാരനാണ്. ഒരു മത്സരത്തിൽ ഹാർദിക് ആദ്യം മികച്ച രീതിയിൽ ബൗൾ ചെയ്യുകയാണെങ്കിൽ, ആ ആത്മവിശ്വാസത്തിൽ അദ്ദേഹം ആ കളിയിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും ചെയ്യും, നേരെ തിരിച്ചായാലും അങ്ങനെ തന്നെ,” മഗ്രാത്ത് പറഞ്ഞു.

ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച കോംപ്ലിമെന്റ് ആണ് മഗ്രാത്ത് നൽകിയിരിക്കുന്നത്. നിലവിൽ ഇന്ത്യൻ ടീമിന്റെ എവിടെ അഭിവാജ്യ ഘടകമാണ് ഹാർദിക് പാണ്ഡ്യ. അതേസമയം, നിലവിൽ ക്രിക്കറ്റ്‌ ഫോർമാറ്റുകളിൽ വന്ന മാറ്റങ്ങളെ കുറിച്ചും മുൻ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ പ്രതികരിച്ചു.

“ടി20 ഫോർമാറ്റിന്റെ ജനപ്രീതി അധികരിക്കുന്നതുകൊണ്ടുതന്നെ ഏകദിന ഫോർമാറ്റിന്റെ ഭാവി എന്തായിരിക്കും എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. എന്നാൽ, ടെസ്റ്റ്‌ ഫോർമാറ്റ് കാലത്തെ അതിജീവിച്ച് മുന്നേറി തന്നെ നിൽക്കും. വ്യക്തിപരമായി എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഫോർമാറ്റ് ആണ് ടെസ്റ്റ്. എന്നിരുന്നാലും, ഏകദിന ഫോർമാറ്റിലും നിരവധി മറക്കാനാവാത്ത ഓർമ്മകൾ ഉണ്ട്. ഏകദിന ഫോർമാറ്റിന്റെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിനായി മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്,” മഗ്രാത്ത് വിലയിരുത്തി.