5 സിക്സ്!!!!ശിവം മാവിക്ക് ഉറക്കമില്ലാത്ത രാത്രി: നാണക്കേട് റെക്കോർഡും സ്വന്തം

ശനിയാഴ്ച്ചയിലെ (മെയ്‌ 7) ഡബിൾ ഹെഡറിലെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ലഖ്നൗ സൂപ്പർ ജിയന്റ്സ്. 75 റൺസിനാണ് കെഎൽ രാഹുലും സംഘവും കെകെആറിനെ തകർത്തത്. മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത എൽഎസ്ജി നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയപ്പോൾ, കെകെആർ 14.3 ഓവറിൽ 101 റൺസിന് ഓൾഔട്ടാകുകയായിരുന്നു.

മത്സരത്തിൽ, എൽഎസ്ജി ഇന്നിംഗ്സിൽ ശിവം മാവി എറിഞ്ഞ 19-ാം ഓവറാണ് കളിയുടെ ഗതി മാറ്റിയത്. എൽഎസ്ജി കുറഞ്ഞ ടോട്ടലിൽ ഒതുങ്ങിപ്പോയേക്കാം എന്ന് തോന്നിപ്പിച്ച നിമിഷമാണ് 19-ാം ഓവർ എറിയാൻ മാവി എത്തിയത്. 3 ഓവറിൽ 20 റൺസ് മാത്രം വഴങ്ങിയിട്ടുണ്ടായിരുന്ന മാവി, തന്റെ 4-ാം ഓവർ എറിയാനെത്തുമ്പോൾ കെകെആർ ക്യാമ്പിൽ വലിയ പ്രത്രക്ഷകൾ ഉണ്ടായിരുന്നു.എന്നാൽ സ്റ്റോയിനിസിനെതിരെ എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തുകളും മാവി ബാക്ക്-ടു-ബാക്ക് സിക്സ് വഴങ്ങിയതോടെ എല്ലാം താളം തെറ്റി.

തുടർന്ന്, ഓവറിലെ നാലാം ബോളിൽ മാവി സ്റ്റോയിനിസിനെ മടക്കിയെങ്കിലും, 7-ാമനായി ക്രീസിലെത്തിയ ജേസൺ ഹോൾഡർ മാവിയുടെ ഓവറിലെ ശേഷിക്കുന്ന രണ്ട് ബോളുകളും സിക്സ് പറത്തി കോട്ട പൂർത്തിയാക്കി. ഇതോടെ, ആ ഒരോവറിൽ മാത്രം 30 റൺസ് വഴങ്ങിയ മാവി, മത്സരത്തിൽ 4 ഓവറിൽ 50 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഒരോവറിൽ 5 സിക്സ് വഴങ്ങുന്ന നാലാമത്തെ ബോളറായി ശിവം മാവി മാറി.

നേരത്തെ, 2012-ൽ പൂനെ വാരിയേർസ് സ്പിന്നർ രാഹുൽ ശർമ്മയും, 2020-ൽ പഞ്ചാബ് കിംഗ്സ് പേസർ ഷെൽഡൺ കോട്രെലും, 2021-ൽ ആർസിബി പേസർ ഹർഷൽ പട്ടേലും ഒരോവറിൽ 5 സിക്സ് വഴങ്ങിയിട്ടുണ്ട്. രാഹുൽ ശർമ്മയ്ക്കെതിരെ മുൻ ആർസിബി താരം ക്രിസ് ഗെയ്ൽ ആണ് സിക്സ് പറത്തിയതെങ്കിൽ, കോട്രെലിനെതിരെ മുൻ ആർആർ താരം തെവാട്ടിയയും, ഹർഷലിനെതിരെ സിഎസ്കെയുടെ രവീന്ദ്ര ജഡേജയുമാണ് സിക്സുകൾ പറത്തിയത്.