അച്ഛൻ ഉറങ്ങുന്ന മണ്ണിൽ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും മുന്നിൽ നിറഞ്ഞാടി മുഹമ്മദ് സിറാജ്

ഐപിഎല്ലിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ കളിക്കാരനാണ് മുഹമ്മദ് സിറാജ്. 2017-ൽ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും, 2018 മുതൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി നടത്തുന്ന മികച്ച പ്രകടനമാണ് സിറാജിനെ ഇന്ത്യൻ ടീമിൽ എത്തിച്ചത്. 2017 നവംബറിൽ ന്യൂസിലാൻഡിനെതിരായ ടി20 മത്സരത്തിലൂടെയാണ് മുഹമ്മദ് സിറാജ് ഇന്ത്യൻ ദേശീയ ടീമിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, 2019-ൽ ഏകദിന ഫോർമാറ്റിലും, 2020-ൽ ടെസ്റ്റിലും സിറാജ് ഇന്ത്യൻ ടീമിനുവേണ്ടി അരങ്ങേറ്റം കുറിച്ചു.

വളരെ സാധാരണമായ ഒരു കുടുംബത്തിലാണ് മുഹമ്മദ് സിറാജ് ജനിച്ചത്. സിറാജിന്റെ പിതാവ് ഒരു ഓട്ടോറിക്ഷ ഡ്രൈവറും മാതാവ് വീട്ടമ്മയും ആണ്. തന്റെ പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് താൻ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുന്നത് എന്ന് സിറാജ് എപ്പോഴും പറയാറുണ്ട്. എന്നാൽ കരിയറിന്റെ ഉന്നതിയിലേക്ക് സിറാജ് എത്തിയ വേളയിൽ, അദ്ദേഹം ഒരുപാട് മിസ്സ് ചെയ്യുന്നത് മരണപ്പെട്ടുപോയ തന്റെ പിതാവിനെ തന്നെയായിരിക്കും.

ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചിട്ട് 5 വർഷത്തിന് മുകളിൽ ആയെങ്കിലും, ഹൈദരാബാദിലെ തന്റെ ഹോം ഗ്രൗണ്ടിൽ ഇന്ത്യൻ ജേഴ്സിയിൽ കളിക്കാൻ സിറാജിന് അവസരം ലഭിച്ചിട്ടില്ലായിരുന്നു. ഇന്ന് ന്യൂസിലാൻഡിനെതിരെ തന്റെ ജന്മനാടായ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചിരിക്കുകയാണ് മുഹമ്മദ് സിറാജ്. തന്റെ മകന്റെ കളി നേരിട്ട് കാണാൻ, സിറാജിന്റെ ഉമ്മയും മറ്റു കുടുംബാംഗങ്ങളും സ്റ്റേഡിയത്തിൽ എത്തിച്ചേരുകയും ചെയ്തു.

തന്റെ കുടുംബാംഗങ്ങൾക്കു മുന്നിൽ ഗംഭീര പ്രകടനം പുറത്തെടുക്കാനും സിറാജിന് സാധിച്ചു. 10 ഓവറിൽ രണ്ട് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ 46 റൺസ് മാത്രം വഴങ്ങിയ മുഹമ്മദ് സിറാജ് 4 വിക്കറ്റുകൾ ആണ് വീഴ്ത്തിയത്. തന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും മുന്നിൽ ഇന്ത്യൻ ജേഴ്സിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആയതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം മുഹമ്മദ് സിറാജിനെ സംബന്ധിച്ച് വളരെ വൈകാരികമായ ഒന്നായിരുന്നു.

Rate this post