90 കോടി രൂപ മുടക്കിയിട്ടും, അങ്ങ് മെനയായില്ല!! വിലയിരുത്താം ഐപിഎല്ലിലെ പുതുമുഖമായ ലഖ്നൗ സൂപ്പർജിയന്റ്സിനെ

ഐ‌പി‌എൽ മെഗാ ലേലത്തിൽ 90 കോടി രൂപയും ചെലവഴിച്ച ഏക ഫ്രാഞ്ചൈസിയാണ് ഐ‌പി‌എല്ലിലെ പുതുമുഖമായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. താര ലേലത്തിൽ മികച്ച ബിഡ്ഡിംഗുകളുമായി നിറഞ്ഞു നിന്ന ലഖ്‌നൗ, ഏറ്റവും കൂടുതൽ പണം ചെലവിട്ടത് ഇന്ത്യയുടെ അൺക്യാപ്പ്ഡ് ബൗളർ ആവേശ് ഖാന് വേണ്ടിയാണ്. 10 കോടി രൂപയ്ക്ക്‌ ഫ്രാഞ്ചൈസി ആവേശ് ഖാനെ സ്വന്തമാക്കിയതോടെ, അദ്ദേഹം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ അൺക്യാപ്പ്ഡ് താരമായി മാറി.

നേരത്തെ തന്നെ കെഎൽ രാഹുൽ, മാർക്കസ് സ്റ്റോനിസ്, രവി ബിഷനോയ് എന്നിവരെ സ്വന്തമാക്കിയ ലഖ്‌നൗ, ലേലത്തിൽ കൂടുതലും ശ്രദ്ധ പുലർത്തിയത് ഓൾറൗണ്ടർമാരിൽ ആണ്. മാത്രമല്ല, ഐപിഎല്ലിൽ ഓരോ ഫ്രാഞ്ചൈസിക്കും 8 വിദേശ താരങ്ങളെ വരെ സ്വന്തമാക്കാൻ അനുവാദം ഉണ്ട് എന്നിരിക്കെ, ലഖ്‌നൗ 7 വിദേശ താരങ്ങളെ മാത്രമാണ് ടീമിലെത്തിച്ചത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

കെഎൽ രാഹുൽ, ക്വിന്റൻ ഡികോക്ക്, എവിൻ ലെവിസ്, മനീഷ് പാണ്ഡെ, മനൻ വോഹ്റ എന്നിവരാണ് ടീമിന്റെ ബാറ്റിംഗ് നിര. തകർപ്പൻ ബാറ്റിംഗ് നിര എന്നൊന്നും അവകാശപ്പെടാൻ സാധിക്കില്ലെങ്കിലും, ഓൾ റൗണ്ടർമാരായ മാർക്കസ് സ്റ്റോനിസ്, ജേസൺ ഹോൾഡർ എന്നിവർ കൂടി ബാറ്റിംഗ് ലൈനപ്പിൽ ഇടം പിടിക്കുന്നതോടെ ലഖ്നൗ ബാറ്റിംഗ് നിരക്ക് കരുത്തു കൂടും. എന്നിരുന്നാലും, നാല് വിദേശ താരങ്ങളെ മാത്രമാണ് ഇലവനിൽ ഉൾപ്പെടുത്താൻ സാധിക്കുകയൊള്ളു എന്ന വസ്തുത നിലനിൽക്കുന്നതിനാൽ, മികച്ച ഇന്ത്യൻ ബാറ്റർമാരുടെ കുറവ് ലഖ്നൗ ടീമിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

സ്റ്റോനിസിനും, ഹോൾഡർക്കുമൊപ്പം, വിൻഡീസ് ഓൾറൗണ്ടർ കയ്ൽ മയേഴ്‌സ്, ഇന്ത്യൻ താരങ്ങളായ ദീപക് ഹൂഡ, ക്രുനാൾ പാണ്ഡ്യ, കെ ഗൗതം എന്നിവരും ഓൾറൗണ്ടർമാരായി ലഖ്നൗ ടീമിൽ ഉണ്ട്. എന്നിരുന്നാലും, ഫിനിഷറുടെ റോൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു പവർ ഹിറ്ററെ ഫ്രാഞ്ചൈസിക്ക്‌ കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് ഒരു പോരായ്മയായി പ്രകടമാകുന്നു.

ബൗളർമാരുടെ കാര്യമെടുത്താൽ, ഇംഗ്ലണ്ട് പേസർ മാർക്ക്‌ വുഡ് നയിക്കുന്ന പേസ് യൂണിറ്റിൽ, ഇന്ത്യയുടെ യുവതാരങ്ങളായ ആവേശ് ഖാൻ, അങ്കിത് രാജ്പൂത്, മോഹ്‌സിൻ ഖാൻ എന്നിവരും, ശ്രീലങ്കൻ പേസർ ദുഷ്മന്ത ചമീരയും ഉൾപ്പെടുന്നു. സ്പിൻ യൂണിറ്റിന്റെ കാര്യമെടുത്താൽ രവി ബിഷനോയിയിൽ തന്നെയാണ് ടീമിന്റെ കാര്യമായ പ്രതീക്ഷ. ബിഷനോയ്ക്കൊപ്പം ശഹബാസ് നദീമും, ഹൂഡയും, ക്രൂണാലും ലഖ്നൗ സ്പിൻ യൂണിറ്റിനെ നയിക്കും. ലേലത്തിൽ, ഇന്ത്യയുടെ ദേശീയ താരങ്ങളെക്കാൾ കൂടുതൽ ആഭ്യന്തര താരങ്ങളിൽ ശ്രദ്ധ പുലർത്തിയ ലഖ്നൗ, 90 കോടി രൂപ മുടക്കിയ ഫ്രാഞ്ചൈസി എന്ന നിലയിൽ, ഇപ്പോൾ ഒരു ശരാശരി ടീം മാത്രമാണ്. ഐപിഎല്ലിൽ പ്രവചനങ്ങൾക്ക് സ്ഥാനമില്ലാത്തത് കൊണ്ട് തന്നെ, അപ്രതീക്ഷിത താരങ്ങൾ മികവ് പുലർത്തിയാൽ, ലഖ്നൗ അവരുടെ ആദ്യ ഐപിഎൽ സീസണിൽ വലിയ കുതിപ്പ് നടത്തും എന്ന് പ്രതീക്ഷിക്കാം