
മോഹ്സീൻ ഖാൻ ദി ഹീറോ… ലക്ക്നൗ സൂപ്പർ ജയം.. മുംബൈക്ക് പണി പാളി
ത്രസിപ്പിക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ മലർത്തിയടിച്ച് ലക്നൗ സൂപ്പർ ജെയന്റ്സ്. അത്യന്തം ആവേശകരമായ മത്സരത്തിൽ 5 റൺസിന്റെ വിജയമാണ് ലക്നൗ സ്വന്തമാക്കിയത്. മത്സരത്തിന്റെ പാതിവഴിയിൽ വിജയം മുംബൈയുടെ കയ്യിലായിരുന്നു. എന്നാൽ ലക്നൗ വളരെ ആവേശത്തോടെ മത്സരം തട്ടിയെടുക്കുന്നതാണ് കാണാൻ സാധിച്ചത്. അവസാന ഓവറിലെ മുഹസിൻ ഖാന്റെ മികച്ച ബോളിംഗ് പ്രകടനമായിരുന്നു ലക്നൗവിനെ വിജയത്തിലെത്തിച്ചത്. ബാറ്റിംഗിൽ ലക്നൗവി നായി മർക്കസ് സ്റ്റോയിനിസ് അടിച്ചു തകർക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് തങ്ങളുടെ ബോളർമാർ മുംബൈയ്ക്ക് നൽകിയത്. ആദ്യ ഓവറുകളിൽ തന്നെ ലക്നൗവിനെ സമ്മർദ്ദത്തിലാക്കാൻ മുംബൈക്ക് സാധിച്ചു. എന്നാൽ നാലാം വിക്കറ്റിൽ ക്രൂനാൽ പാണ്ഡ്യയും സ്റ്റോയിനിസും ചേർന്ന് ലക്നൗവിനെ രക്ഷിക്കുകയായിരുന്നു. പാണ്ഡ്യ മത്സരത്തിന് 42 പന്തുകളിൽ 49 റൺസ് ആണ് നേടിയത്. സ്റ്റോയിനിസ് ഇന്നിങ്സിലുടനീളം മുംബൈ ബോളർമാരുടെ അന്തകനായി തുടർന്നു. മത്സരത്തിൽ 47 പന്തുകൾ നേരിട്ട സ്റ്റോയിനിസ് 4 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെടെ 89 റൺസ് ആണ് നേടിയത്. 20 ഓവറുകളിൽ 177 എന്ന സ്കോറിലെത്താൻ ലക്നൗവിന് സാധിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി മികച്ച തുടക്കം തന്നെയാണ് രോഹിത് ശർമയും ഇഷാൻ കിഷനും നൽകിയത്. പവർപ്ലെ ഓവറുകളിൽ ഇരുവരും ലക്നൗ ബോളർമാരെ പഞ്ഞിക്കിടുകയുണ്ടായി. ഒന്നാം വിക്കറ്റിൽ 90 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും കെട്ടിപ്പടുത്തത്. മത്സരത്തിൽ കിഷൻ 39 പന്തുകളിൽ 59 റൺസ് നേടി. ഇന്നിംഗ്സിൽ എട്ടു ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. രോഹിത് 25 പന്തുകളിൽ 37 റൺസാണ് നേടിയത്. എന്നാൽ ഇരുവരും ചെറിയ ഇടവേളയിൽ കൂടാരം കയറിയതോടെ മുംബൈ തകർന്നുവീഴാൻ തുടങ്ങി.
Current points table after #LSGvMI
Will we able to see #LSGvsRCB in finals?? pic.twitter.com/uy8eBtFCK5— Akshat.eth (@yt_akshat) May 16, 2023
ശേഷമെത്തിയ സൂര്യകുമാർ യാദവ് ബാറ്റിംഗിൽ പരാജയപ്പെട്ടതോടെ മുംബൈ പതറുകയുണ്ടായി. അവസാന ഓവറുകളിൽ ഇതോടെ മത്സരം കടുത്തു. എന്നാൽ മത്സരം വിട്ടുനൽകാൻ ടീം ഡേവിഡ് തയ്യാറായില്ല. അവസാന ഓവറുകളിൽ ഡേവിഡ് അടിച്ചു തകർത്തു. അതോടെ മുംബൈയുടെ വിജയലക്ഷ്യം ഓരോവറിൽ 11 റൺസായി. എന്നാൽ അവസാന ഓവറിൽ മുഹ്‌സിൻ ഖാൻ ഒരു തകർപ്പൻ ബോളിംഗ് പ്രകടനം കാഴ്ച വയ്ക്കുകയായിരുന്നു. ഇതോടെ മത്സരത്തിൽ 5 റൺസിന് മുംബൈ പരാജയമറിഞ്ഞു.