ആർസിബി എന്നെ സ്വന്തമാക്കും എന്ന് ഞാൻ കരുതിയില്ല ; ഐപിഎൽ ലേലത്തിൽ ആർസിബി സ്വന്തമാക്കിയതിന്റെ ആശ്ചര്യം പങ്കുവെച്ച് യുവ ഇന്ത്യൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ചരിത്രത്തിൽ ഇതുവരെ ജേതാക്കളായിട്ടില്ല എന്ന നാണക്കേട് തിരുത്താനുറച്ച് കഴിഞ്ഞയാഴ്ച്ച നടന്ന മെഗാ താരലേലത്തിൽ മികച്ച ചില താരങ്ങളെ സ്വന്തമാക്കി വലിയ തയ്യാറെടുപ്പാണ് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ (ആർസിബി) നടത്തിയത്. വിരാട് കോഹ്‌ലി, ഗ്ലെൻ മാക്സ്വെൽ, മുഹമ്മദ്‌ സിറാജ് തുടങ്ങിയ താരങ്ങളെ നിലനിർത്തി ലേലത്തിനിറങ്ങിയ ആർസിബി, ഫാഫ് ഡു പ്ലെസിസ്, ദിനേഷ് കാർത്തിക്, ജോഷ് ഹേസിൽവുഡ്, വനിന്ദു ഹസരംഗ തുടങ്ങിയ താരങ്ങളെ സ്വന്തമാക്കി ആരാധകരെ ഞെട്ടിച്ചിരുന്നു.

രാജ്യാന്തര ക്രിക്കറ്റിൽ മികവ് തെളിയിച്ച താരങ്ങൾക്കൊപ്പം, നിരവധി അപ്രതീക്ഷിത ആഭ്യന്തര താരങ്ങളെയും ആർസിബി ലേലത്തിൽ സ്വന്തമാക്കിയിരുന്നു. അതിൽ ഉൾപ്പെട്ട ഒരു താരമാണ്, കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിച്ച ബാറ്റർ മഹിപാൽ ലോംറോർ. ലേലത്തിൽ 95 ലക്ഷം രൂപയ്ക്കാണ് ആർ‌സി‌ബി 22 കാരനെ സ്വന്തമാക്കിയത്. ഇപ്പോഴിതാ ലോംറോർ, തന്നെ ആർസിബി തിരഞ്ഞെടുത്ത നിമിഷത്തിലുണ്ടായ ആശ്ചര്യം CricTracker-നോട് വെളിപ്പെടുത്തിയിരിക്കുകയാണ്.

“ലേലത്തിന് മുമ്പ്, എന്നെ തിരഞ്ഞെടുക്കാൻ സാധ്യതയുള്ള ടീമുകളിൽ, ഏറ്റവും അവസാന സ്ഥാനത്താണ് ഞാൻ ആർസിബിയെ ഞാൻ കരുതിയിരുന്നത്. എന്നാൽ, അതിശയകരമെന്നു പറയട്ടെ, അവർ തന്നെ എന്നെ വാങ്ങി. ലേലത്തിന് മുന്നേ ഞാൻ മാനേജ്‌മെന്റിൽ നിന്ന് ആരോടും ഫോണിൽ പോലും സംസാരിച്ചിട്ടില്ല. ഞാൻ ഒരിക്കലും ആർ‌സി‌ബിയുടെ ട്രയലുകൾക്ക് പോയിട്ടില്ല. അതിനാൽ, അവർ എന്നെ തിരഞ്ഞെടുത്തപ്പോൾ ഞാൻ അൽപ്പം ആശ്ചര്യപ്പെട്ടു. ലേലത്തിന് ശേഷം മൈക്ക് ഹെസ്സൻ സാർ എന്നെ വിളിച്ചു, സഞ്ജയ് ബംഗാർ സാറിൽ നിന്നും എനിക്ക് ഒരു കോൾ ലഭിച്ചു,” ലോംറോർ പറഞ്ഞു.

എന്നാൽ, കോഹ്‌ലി, മാക്‌സ്‌വെൽ, കാർത്തിക് എന്നിവരോടൊപ്പം കളിക്കാനുള്ള ആവേശവും ലോംറോർ മറച്ചുവെച്ചില്ല. “ഇത് എനിക്ക് ഒരു വലിയ പഠന കാലമായിരിക്കും. വിരാട് കോഹ്‌ലി ആധുനിക കാലത്തെ മികച്ച താരമാണ്. ഡികെയെ (ദിനേഷ് കാർത്തിക്) കുറിച്ച് പറയുകയാണെങ്കിൽ, ആഭ്യന്തര ക്രിക്കറ്റിൽ ഞാൻ അദ്ദേഹത്തിനെതിരെ ഒരുപാട് കളിച്ചിട്ടുണ്ട്, അദ്ദേഹത്തെ ഒരു മികച്ച ഫിനിഷറായി ഞാൻ കാണുന്നു. ഞാൻ കാത്തിരിക്കുന്ന വേഷമാണ് അത്. ആധുനിക കാലത്തെ ഏറ്റവും മികച്ച ഫിനിഷറാണ് മാക്സി. അതിനാൽ, ഇവരിൽ നിന്ന് ഞാൻ ഒരുപാട് പഠിക്കാൻ പോകുന്നു,”ലോംറോർ പറഞ്ഞു.