ലോകകപ്പ് ലോഗോക്ക് പ്രചോദനമായ ഇന്ത്യൻ ബൗളർ ; ആരാണ് ദേബാസിസ് മൊഹന്തി?

ഭുവനേശ്വറിൽ ജനിച്ച മീഡിയം പേസറായ ദേബാസിസ് മൊഹന്തി 1990-കളിൽ ഏകദിനത്തിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ്. മൊഹന്തിയുടെ ബൗളിംഗ് വൈധഗ്ദ്യത്തേക്കാൾ അദ്ദേഹത്തിന്റെ ബൗളിംഗ് ആക്ഷനായിരുന്നു ക്രിക്കറ്റ്‌ ലോകത്ത് ശ്രദ്ധയാകർശിച്ചത്. നെഞ്ചുതുറന്നുപിടിച്ചുള്ള ഒഡിഷ ഫാസ്റ്റ് ബൗളറുടെ ആക്ഷൻ, ഇൻസ്വിങ്ങുകൾ എറിയാനും ബാറ്റർമാരെ ബുദ്ധിമുട്ടിക്കാനും സഹായകമാകുന്നതായിരുന്നു.

എന്നിരുന്നാലും, മൊഹന്തി മീഡിയം പേസിൽ മാത്രം ബൗൾ ചെയ്തതിനാൽ, അദ്ദേഹത്തിന് ദേശീയ ടീമിൽ സ്ഥിരമായ സ്ഥാനം കണ്ടെത്താനായില്ല. നിരവധി വിക്കറ്റുകൾ വീഴ്ത്തിയ ഒരു ഫസ്റ്റ് ക്ലാസ് സീസണിന് ശേഷമാണ് മൊഹന്തിയെ, 1997ൽ നടന്ന ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കുന്നത്. എന്നിരുന്നാലും, 1997 ൽ പാക്കിസ്ഥാനെതിരെ ടൊറന്റോയിൽ നടന്ന സഹാറ കപ്പിലാണ് മീഡിയം പേസർ ശ്രദ്ധിക്കപ്പെട്ടത്.

തുടർന്ന്, അടുത്ത രണ്ട് വർഷത്തേക്ക് മൊഹന്തി ഏകദിന ടീമിൽ തന്റെ സ്ഥാനം സ്ഥിരപ്പെടുത്തി. വെങ്കിട്ടേഷ് പ്രസാദിനൊപ്പം മൊഹന്തി മികച്ച ന്യൂ ബോൾ കൂട്ടുക്കെട്ടുണ്ടാക്കി. 1999 ലോകകപ്പിൽ പേസർമാരെ തുണച്ച ട്രാക്കുകളിൽ മൊഹന്തിയും വിക്കറ്റുകൾ വീഴ്ത്തി. ലോകകപ്പിൽ കെനിയയ്ക്കും ഇംഗ്ലണ്ടിനുമെതിരെ നടന്ന മത്സരങ്ങളിൽ അദ്ദേഹം തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. പ്രത്യേകിച്ചും, ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ നിർണായക മത്സരത്തിൽ അദ്ദേഹം വീഴ്ത്തിയ വിക്കറ്റുകൾ ഇന്ത്യക്ക് സൂപ്പർ സിക്സിലേക്ക് യോഗ്യത നേടാനുള്ള വഴിയൊരുക്കി.

1999 ലോകകപ്പിലെ മൊഹന്തിയുടെ ഓർമ്മകൾ മൈതാനത്തെ ചില പ്രകടനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. 1999 ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ലോഗോയ്ക്ക് പിന്നിലെ പ്രചോദനം ഇന്ത്യൻ പേസ് ബൗളർ ദേബാശിഷ് ​​മൊഹന്തിയായിരുന്നു. മൊഹന്തിയുടെ ഫോളോ ത്രൂ പഠിക്കുകയും ഒടുവിൽ അത് ഗ്രാഫിക്കായി നിർമ്മിക്കുകയും ചെയ്താണ് 1999 ലോകകപ്പിന്റെ ലോഗോ ഡിസൈനർ ചെയ്തിരിക്കുന്നത്. എന്നിരുന്നാലും ലോകകപ്പിന് ശേഷം, മൊഹന്തിയുടെ ഇന്ത്യൻ ടീമിലെ സ്ഥാനം തുലാസിലായി. 2001-ലാണ് അദ്ദേഹം അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്.

Rate this post