അമ്പരപ്പിച്ച് ലിയാം ലിവിങ്സ്റ്റൺ ; ഇംഗ്ലീഷ് ഓൾറൗണ്ടർ പറത്തിയ പന്ത് കണ്ടെത്തിയത് കൺസ്ട്രക്ഷൻ സൈറ്റിൽ

ഇത്തവണത്തെ ഐപിഎൽ സീസണിൽ കൂറ്റൻ സിക്സറുകൾ പറത്തിക്കൊണ്ട് ആരാധകരെ അമ്പരപ്പിച്ച താരമാണ് പഞ്ചാബ് കിംഗ്സിന്റെ ഇംഗ്ലീഷ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൺ. ഐപിഎല്ലിൽ 117 മീറ്റർ ദൂരത്തേക്ക് ഇംഗ്ലീഷ് ഓൾറൗണ്ടർ പറത്തിയ സിക്സ് ആയിരുന്നു, ഐപിഎൽ 2022-ലെ ഏറ്റവും വലിയ സിക്സ്. ഇപ്പോഴിതാ, ഇംഗ്ലീഷ് ടി20 ബ്ലാസ്റ്റിൽ മറ്റൊരു കൂറ്റൻ സിക്സുമായി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ലങ്കാഷയർ താരമായ ലിവിങ്സ്റ്റൺ.

ടി20 ബ്ലാസ്റ്റിൽ, മാഞ്ചസ്റ്ററിലെ എമിറേറ്റ്സ് ഓൾഡ് ട്രഫോർഡ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന ലങ്കാഷയർ – ഡെർബിഷയർ മത്സരത്തിനിടെയാണ് ലിവിങ്സ്റ്റൺ തകർപ്പൻ സിക്സ് പറത്തിയത്. ഡെർബിഷയർ സ്പിന്നർ മാർക്ക് വാട്ട് എറിഞ്ഞ ഇന്നിംഗ്സിന്റെ എട്ടാം ഓവറിലെ രണ്ടാം ബോളാണ് ലിവിങ്സ്റ്റൺ സ്റ്റേഡിയത്തിൽ കൺസ്ട്രക്ഷൻ നടക്കുന്ന മേഖലയിലേക്ക് അടിച്ചു പറത്തിയത്.

ബോൾ കണ്ടെത്താൻ ഡെർബിഷയർ ഫീൽഡർമാർ ശ്രമം നടത്തിയെങ്കിലും, അവർ അതിൽ പരാജയപ്പെട്ടതോടെ കൺസ്ട്രക്ഷൻ തൊഴിലാളികളാണ് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ പന്ത് കണ്ടെത്തിയത്. മത്സരത്തിൽ ലിവിങ്സ്റ്റൺ 40 പന്തുകളിൽ അഞ്ച് ഫോറും അഞ്ച് സിക്സും സഹിതം 75 റൺസ് നേടി. ഒടുവിൽ ഹയ്ഡൻ കെറിന്റെ ബോളിൽ സാമുവൽ കോണേഴ്സിന് ക്യാച്ച് നൽകിയാണ് ലിവിങ്സ്റ്റൺ മടങ്ങിയത്.

ലിവിങ്സ്റ്റണിന്റെ ബാറ്റിംഗ് കരുത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് ലങ്കാഷയർ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡെർബിഷയറിന് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് കണ്ടെത്താനെ സാധിച്ചുള്ളൂ. ഇതോടെ 17 റൺസിനാണ് ലങ്കാഷയർ ജയം സ്വന്തമാക്കിയത്.

Rate this post