ഹ്യൂ എഡ്മീഡ്സ് ചില്ലറകരാനല്ല 😱2,500 ലേലങ്ങൾ നടത്തിയ ലേലക്കാരനോ
ബെംഗളൂരുവിൽ പുരോഗമിക്കുന്ന ഐപിഎൽ 2022 താരലേലത്തിനിടെ ഐപിഎൽ ഓക്ഷനർ ഹ്യൂ എഡ്മീഡ്സ് പാതിവഴിയിൽ കുഴഞ്ഞുവീണത് ലേലം നടക്കുന്ന വേദിയിൽ ഭീതി പരത്തി. നിർഭാഗ്യകരമായ സംഭവത്തെ തുടർന്ന് ലേലം നിർത്തിവെക്കുകയും, എഡ്മീഡ്സിനെ മെഡിക്കൽ സംഘം പരിശോധിക്കുകയും ചെയ്തു. ആരോഗ്യ നില തൃപ്തികരമാണ് എന്ന് മെഡിക്കൽ സംഘം അറിയിച്ചെങ്കിലും, മറ്റൊരു ഓക്ഷനറെ വെച്ചാണ് ഒരു മണിക്കൂർ ഇടവേളക്ക് ശേഷം ഐപിഎൽ ലേലം പുനരാരംഭിച്ചത്.
ആരാണ് ഹ്യൂ എഡ്മീഡ്സ്? ആർട്ട് വർക്കുകൾ, ക്ലാസിക് കാറുകൾ, ചാരിറ്റി ലേലങ്ങൾ, ഫ്രാഞ്ചൈസി താര ലേലങ്ങൾ എന്നിവ നിയന്ത്രിക്കുന്ന ഒരു ബ്രിട്ടീഷ് ഇന്റർനാഷണൽ ഓക്ഷനർ ആണ് ഹ്യൂ എഡ്മീഡ്സ്. ലേലക്കാരൻ എന്ന നിലയിൽ 35 വർഷത്തെ പരിചയസമ്പത്തുള്ള എഡ്മീഡ്സ്, തന്റെ കരിയറിൽ 2,500 ലേലത്തിൽ കൂടുതൽ ലേലങ്ങൾ നടത്തുകയും, 2.7 ബില്യൺ പൗണ്ടിൽ കൂടുതൽ തുകയ്ക്ക് 310,000 ലോട്ടുകൾ വിൽക്കുകയും ചെയ്തിട്ടുണ്ട്.
2018 ഡിസംബറിൽ, 2019 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ലേലക്കാരനായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) ഹ്യൂ എഡ്മീഡ്സിനെ നിയമിച്ചു. ഈ അഭിമാനകരമായ ലേലം നടത്തുന്നതിനുള്ള ബഹുമതിയും പദവിയും ലഭിച്ച രണ്ടാമത്തെ വ്യക്തിയാണ് ഹ്യൂ എഡ്മീഡ്സ്. മുൻ ഓക്ഷനറായ റിച്ചാർഡ് മാഡ്ലിയെ മാറ്റിയാണ് ഹ്യൂ എഡ്മീഡ്സിനെ നിയമിച്ചത്.
1984 ഓഗസ്റ്റിൽ ലേല രംഗത്ത് അരങ്ങേറ്റം കുറിച്ച എഡ്മീഡ്സ് ഇതുവരെ 2,500 ലേലങ്ങൾ നടത്തി. 2016 ഡിസംബറിൽ ക്രിസ്റ്റീസിലെ തന്റെ മുഴുവൻ സമയ ജോലിയിൽ നിന്ന് ഒരു സ്വതന്ത്ര ഫ്രീലാൻസ് ലേലക്കാരനാകാൻ അദ്ദേഹം പടിയിറങ്ങി. അന്തരിച്ച നെൽസൺ മണ്ടേലയുടെ 90-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ഗാല ഡിന്നറിലെ ലേലം ഉൾപ്പെടെയുള്ള വിലയേറിയ വിൽപ്പനയ്ക്കും അദ്ദേഹം നേതൃത്വം നൽകി.