ലേലഹാളിൽ നാടകീയ രംഗങ്ങൾ 😱ഓക്ഷനർ ഹ്യൂ എഡ്മീഡ്‌സ് കുഴഞ്ഞുവീണു ; ഐപിഎൽ താരലേലം നിർത്തിവെച്ചു

നിലവിൽ ബെംഗളൂരുവിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) മെഗാ ലേലത്തിനിടയിൽ ഓക്ഷനർ ഹ്യൂ എഡ്മീഡ്‌സ് കുഴഞ്ഞുവീണു. ശ്രീലങ്കയുടെ വനിന്ദു ഹസരംഗയുടെ ലേലം നടക്കുന്നതിനിടെയാണ് എഡ്മീഡ്സ് വേദിയിൽ നിന്ന് താഴേക്ക് കുഴഞ്ഞുവീണത്. സംഭവത്തെ തുടർന്ന് ലേലം നിർത്തിവെക്കുകയും, നേരത്തെ ഉച്ചഭക്ഷണത്തിന് പിരിയുകയും ചെയ്തു.

തുടർന്ന്, ലേലം താൽക്കാലികമായി മാത്രമാണ് നിർത്തിവച്ചിരിക്കുന്നത് ഐപിഎൽ അധികൃതർ അറിയിച്ചു. ശേഷം, താര ലേലത്തിന്റെ ഔദ്യോഗിക പ്രക്ഷേപകരായ സ്റ്റാർ സ്‌പോർട്‌സിന്റെ അപ്‌ഡേറ്റ് അനുസരിച്ച്, എഡ്‌മീഡ്‌സ് ചികിത്സയിലാണ് എന്നും സുഖമായിരിക്കുന്നുവെന്നും അറിയിച്ചു. പിന്നാലെ, ലേലം 3:30 ന് പുനരാരംഭിക്കും എന്ന് ഐപിഎൽ അധികൃതർ ഔദ്യോഗികമായി അറിയിച്ചു.

ഐപിഎൽ ലേലം നടത്താൻ 2018-ലാണ് ബിസിസിഐ ഹ്യൂ എഡ്മീഡ്‌സിനെ ആദ്യമായി നിയമിക്കുന്നത്. മുൻ ഓക്ഷനറായ റിച്ചാർഡ് മാഡ്‌ലിയെ മാറ്റിയാണ് ഹ്യൂ എഡ്മീഡ്‌സിനെ നിയമിച്ചത്. തുടർന്നുള്ള, എല്ലാ വർഷവും മെഗാ ഇവന്റ് നടത്തുന്നതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു. 35 വർഷത്തെ പരിചയസമ്പത്തുള്ള എഡ്മീഡ്‌സ്‌, ഇതിനോടകം ലോകമെമ്പാടും 2,500 – ഓളം ലേലങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.

നേരത്തെ, ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ലേലം ആരംഭിച്ച ശേഷം ശിഖർ ധവാനാണ് (പഞ്ചാബ് കിംഗ്സിന് ₹ 8.25 കോടിക്ക്) വിറ്റുപോയ ആദ്യ കളിക്കാരൻ. മാർക്വീ കളിക്കാരിൽ, ശ്രേയസ് അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 12.25 കോടി ചെലവഴിച്ച് തട്ടകത്തിൽ എത്തിച്ചതോടെ, അയ്യർ ഏറ്റവും ഇതുവരെയുവിള്ള ഏറ്റവും വിലയേറിയ താരമായി. ‘മിസ്റ്റർ ഐപിഎൽ’ സുരേഷ് റെയ്‌ന, സ്റ്റീവ് സ്മിത്ത്, ഡേവിഡ് മില്ലർ, ഷാക്കിബ് അൽ ഹസൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ താരങ്ങൾ ലേലത്തിന്റെ ആദ്യ റൗണ്ടിൽ അൺസോൾഡ് ആയതും ശ്രദ്ധേയമായി.