അവൻ ഒരു ഗ്ലോബൽ സൂപ്പർസ്റ്റാർ ആണ്; ഇന്ത്യൻ ബാറ്ററെ പുകഴ്ത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ സമീപകാലത്തെ പ്രകടനങ്ങൾ പരിശോധിച്ചാൽ അത് അത്ര തൃപ്തികരമല്ല. ദ്വിരാഷ്ട്ര പരമ്പരകളിൽ ഇന്ത്യ മികച്ച പ്രകടനം നടത്താറുണ്ടെങ്കിലും, മേജർ ടൂർണമെന്റുകൾ വരുമ്പോൾ ഇന്ത്യയുടെ പ്രകടനം ദയനീയമാണ്. കഴിഞ്ഞ രണ്ട് ടി20 ലോകകപ്പുകളിലെയും, ഏഷ്യാകപ്പിലെയും പ്രകടനങ്ങൾ വിലയിരുത്തിയാൽ ഇക്കാര്യം നമുക്ക് കാണാൻ സാധിക്കും. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലഭിച്ച ഏറ്റവും വലിയ നിധികളിൽ ഒന്നാണ് സൂര്യകുമാർ യാദവ് എന്ന ബാറ്റർ .

ഇപ്പോൾ , സൂര്യകുമാർ യാദവിനോടുള്ള തന്റെ ബഹുമാനവും ഇഷ്ടവും വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസമായ ബ്രെറ്റ് ലീ . “സമീപകാലത്തായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലഭിച്ച ഏറ്റവും വലിയ മുതൽക്കൂട്ടാണ് സൂര്യകുമാർ യാദവ് . കഴിഞ്ഞ 12 – 15 മാസങ്ങൾക്കിടെ അവൻ പുറത്തെടുത്ത പ്രകടനം, അവനെ ഗ്ലോബൽ സ്റ്റാർ ആക്കി മാറ്റിയിരിക്കുന്നു. ഈ കാലയളവിൽ അവൻ കാഴ്ചവച്ച ബാറ്റിംഗ് പ്രകടനം, അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കിയിരിക്കുന്നത്,” ബ്രെറ്റ് ലീ പറയുന്നു .

“എന്റെ കാഴ്ചപ്പാടിൽ കഴിഞ്ഞ ടി20 ലോകകപ്പിന്റെ ഹൈലൈറ്റ് സൂര്യകുമാർ യാദവ് ആയിരുന്നു. അവൻ തെല്ലും ഭയമില്ലാതെയാണ് ബാറ്റ് ചെയ്തിരുന്നത്. ഓസ്ട്രേലിയയിലെ പച്ചപ്പുള്ള പിച്ചുകളിൽ അവൻ എങ്ങനെയാണ് ബാറ്റ് ചെയ്തിരുന്നത് എന്നത് ഞാൻ കണ്ടതാണ്. അവൻ 360 ഡയറക്ഷനിൽ ബാറ്റ് ചെയ്യുന്നു. അസാധ്യം എന്ന് തോന്നിപ്പിക്കുന്ന പല ഷോട്ടുകളും അവനിൽ നിന്ന് കാണാൻ ഇടയായി. എന്നാൽ ഒരിക്കലും ബാറ്റിങ്ങിന്റെ അടിസ്ഥാനപാഠങ്ങൾ അവൻ മറക്കുന്നില്ല എന്നതാണ് ശ്രദ്ധേയം,” ബ്രെറ്റ് ലീ തുടർന്നു.

“അവൻ എത്തിയ ഉടനെ തോന്നിയപോലെ ബാറ്റ് വീശുകയല്ല. അവന് ഓരോ ഷോട്ട് എടുക്കുന്നതിനും കൃത്യമായ ടെക്നിക് ഉണ്ട്. തീർച്ചയായും സൂര്യകുമാർ യാദവിന് ഇന്ത്യയെ ഒരു ഐസിസി ടൂർണമെന്റിൽ ജേതാക്കൾ ആക്കാൻ സാധിക്കും എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്. എനിക്ക് അവന്റെ ബാറ്റിംഗ് വളരെയധികം ഇഷ്ടമാണ്. അവന് ഒരു ഉപദേശം കൊടുക്കാൻ എന്നോട് പറഞ്ഞാൽ, അവനെ ഞാൻ ഒരു ഉപദേശവും കൊടുക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാകും എന്റെ മറുപടി. അവൻ ഇപ്പോഴുള്ള രീതിയിൽ തന്നെ തുടരുക, സ്വയം വിശ്വസിക്കുക,” ബ്രെറ്റ് ലീ പറഞ്ഞു

Rate this post