ഇതിഹാസങ്ങൾ പറയുന്നു കിരീടം അവർ നേടും!! വമ്പൻ പ്രവചനവുമായി മുൻ താരങ്ങൾ

ഇന്ന് (മെയ്‌ 29) വൈകീട്ട് 7:30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഐപിഎൽ പതിനഞ്ചാം പതിപ്പിന്റെ ഫൈനൽ മത്സരത്തിന് ആരവം മുഴങ്ങും. സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസും ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസും ഇന്ന് കിരീട പോരാട്ടത്തിൽ ഏറ്റുമുട്ടും.

ഫൈനൽ മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ മുൻ താരങ്ങൾ ഫൈനലിൽ ആരാവും ജേതാക്കളാവുക എന്ന് പ്രവചിച്ചിരിക്കുകയാണ്.ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ്, കിരീടം നേടുമെന്നാണ് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരമായ സുരേഷ് റെയ്‌ന പറയുന്നത്. അതിന് വ്യക്തമായ കാരണവും റെയ്‌ന പറയുന്നുണ്ട്. ഇരുടീമുകളും രണ്ടുതവണ നേരത്തെ ഏറ്റുമുട്ടിയപ്പോഴും ഗുജറാത്ത് ടൈറ്റൻസിനായിരുന്നു ജയം, ഇത്‌ ടൈറ്റൻസിന് മേൽക്കൊയ്മ നൽകുന്നു.

മാത്രമല്ല, ഗുജറാത്ത് ടൈറ്റൻസിന് നാലോ അഞ്ചോ ദിവസത്തെ വിശ്രമം ലഭിച്ച ശേഷമാണ് അവർ ഫൈനൽ മത്സരത്തിന് തിരിച്ചെത്തുന്നത്. കൂടാതെ, ലീഗ് മത്സരങ്ങളിൽ ഉടനീളം ഗുജറാത്ത് പ്രകടിപ്പിച്ച വിജയ തീക്ഷ്ണത അവരുടെ കൈമുതലാണ്. എന്നിരുന്നാലും, അഹ്മദാബാദിലെ പിച്ച് ബാറ്റർമാരെ പിന്തുണക്കും എന്നുള്ളതുകൊണ്ടുതന്നെ ജോസ്‌ ബട്ട്ലർ പതിവ് ട്രാക്ക് കണ്ടെത്തിയാൽ അത് രാജസ്ഥാൻ റോയൽസിന് മത്സരം അനുകൂലമാക്കാൻ കഴിയുമെന്നും റെയ്‌ന അഭിപ്രായപ്പെട്ടു.

ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിന് തന്നെയാണ് മുൻ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീയും വിജയപ്രതീക്ഷ കാണുന്നത്. ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായിയെത്തിയ ഗുജറാത്ത് ടൈറ്റൻസ് ഓരോ മത്സരത്തിലും വ്യക്തിഗത മികവിനെക്കാൾ ടീം എന്ന നിലയിൽ കളിച്ചാണ് വിജയിച്ചത് എന്ന് ബ്രെറ്റ് ലീ ചൂണ്ടിക്കാട്ടി. ഓരോ മത്സരത്തിലും മത്സരത്തിന് അനുകൂലമായി കളിക്കാർ വ്യത്യസ്ത രീതിയിൽ കളിക്കുന്നു എന്നത് ഗുജറാത്ത് ടൈറ്റൻസിന്റെ കൈമുതലാണെന്ന് ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടു.

Rate this post