കളിക്കിടയിൽ പവർകട്ട് 😱😱ട്രോളുകളുമായി സോഷ്യൽ മീഡിയ : ആഘോഷമാക്കി ട്രോളൻമാർ

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022-ലെ എൽക്ലാസ്സിക്കോ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 5 വിക്കറ്റ് ജയം. നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്കെ 16 ഓവറിൽ 97 റൺസിന് ഓൾഔട്ട്‌ ആവുകയായിരുന്നു. ലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ എംഐ, 31 പന്തുകൾ ബാക്കി നിൽക്കെ 5 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.

എന്നാൽ, സിഎസ്കെ ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ, വിവാദ എൽബിഡബ്ല്യു വിക്കറ്റിലൂടെ ഓപ്പണർ ഡെവൺ കോൺവെ പുറത്തായതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചാ വിഷയം. സംശയാസ്പതമായ മുംബൈ ഇന്ത്യൻസിന്റെ എൽബിഡബ്ല്യു അപ്പീൽ ഓൺ-ഫീൽഡ് അമ്പയർ അംഗീകരിച്ചെങ്കിലും, സ്റ്റേഡിയത്തിൽ വിചിത്രമായി സംഭവിച്ച പവർകട്ട് മൂലം സിഎസ്കെ ഓപ്പണർക്ക് ഓൺ-ഫീൽഡ് അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാൻ സാധിച്ചില്ല. കറന്റ്‌ ഇല്ലാതിരുന്നതിനാൽ ഡിആർഎസ് പ്രവർത്തിക്കാത്തതുക്കൊണ്ടാണ് കോൺവെയ്‌ക്ക് തീരുമാനം അവലോകനം ചെയ്യാൻ കഴിയാതിരുന്നത്.

കൂടാതെ, തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുംറയുടെ പന്തിൽ റോബിൻ ഉത്തപ്പയെ എൽബിഡബ്ല്യൂവിൽ കുടുക്കിയപ്പോഴും ഡിആർഎസ് പ്രവർത്തനരഹിതമായത് മൂലം ഉത്തപ്പയ്ക്കും തീരുമാനം അവലോകനം ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ, ഉത്തപ്പ പവലിയനിൽ എത്തിയ ഉടനെ ഡിആർഎസ് പ്രവർത്തനക്ഷമമാവുകയും, മുംബൈ ബാറ്റിംഗ് ഇന്നിംഗ്സിൽ മുംബൈ ബാറ്റർമാർ വിജയകരമായി ഡിആർഎസ് ഉപയോഗിക്കുകയും ചെയ്തു. ഇതോടെ, മുംബൈ ഇന്ത്യൻസിനെതിരെയും അവരുടെ ഉടമ മുകേഷ് അംബാനിക്കെതിരെയും ട്രോളുകൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ ട്രോളന്മാർ ആഘോഷമാക്കിയിരിക്കുകയാണ്.

‘ഇത്രയും വലിയ സമ്പന്ന ലീഗായിട്ടും പവർകട്ട് നേരിടാൻ ഒരു മാർഗവും ഇല്ലേ’ എന്ന് ചിലർ ചോദിക്കുമ്പോൾ, ‘വാങ്കഡെയുടെ ഫ്യൂസ് അംബാനി ഊരിയതാണ്’ എന്നാണ് മറ്റുചിലരുടെ കണ്ടെത്തൽ. ‘വാങ്കഡെയിൽ പവർ കട്ട് ആയതിനാൽ ഇന്ന് DRS ഉണ്ടായിരിക്കുന്നതല്ല’ എന്ന് അറിയിപ്പ് രൂപത്തിലും ട്രോളന്മാർ എടുത്ത് അലക്കുന്നു. ‘സിഎസ്കെ ടോപ് ഓർഡർ പുറത്താകുന്നത് വരെയുള്ള പവർകട്ട് അംബാനിയുടെ തന്ത്രമാണെന്നും’ ചിലർ ആക്ഷേപിക്കുന്നു. ‘കോടികൾ മുടക്കി സാങ്കേതിക വിദ്യകൾ കൊണ്ടുവന്നു, എന്നാൽ പ്രവർത്തിപ്പിക്കാൻ കറന്റ്‌ ഇല്ല, ലോകത്തെ ഏറ്റവും സമ്പന്ന ലീഗിന്റെ അവസ്ഥ പരിതാപകരം’ എന്നാണ് ഒരു ട്രോളിൽ അടങ്ങിയിരിക്കുന്ന ആശയം.