ഓസ്ട്രേലിയയെ കറക്കി വീഴ്ത്തി ലങ്ക!! ചരിത്ര ജയവും പരമ്പരയും സമനിലയിൽ | Match Report

ശ്രീലങ്ക – ഓസ്ട്രേലിയ ഗല്ലി ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. ഒരു ഇന്നിംഗ്സിനും 39 റൺസിനുമാണ് ആതിഥേയർ ഓസ്ട്രേലിയക്കെതിരെ ജയം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഓസ്ട്രേലിയക്കെതിരെ ശ്രീലങ്ക നേടുന്ന അഞ്ചാമത്തെ ടെസ്റ്റ് വിജയമാണിത്. ജയത്തോടെ രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര സമനിലയിൽ കലാശിച്ചു. രണ്ട് ഇന്നിംഗ്സുകളിലും ഗംഭീര പ്രകടനം പുറത്തെടുത്ത പേസർ പ്രഭാത് ജയസൂര്യ ആണ് ശ്രീലങ്കൻ ജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചത്.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ്‌ ചെയ്ത ഓസ്ട്രേലിയ മാർനസ് ലബുഷാനെ (104), സ്റ്റീവ് സ്മിത്ത് (145) എന്നിവരുടെ സെഞ്ച്വറികളുടെ മികവിൽ ഒന്നാം ഇന്നിംഗ്സിൽ 364 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്കായി ക്യാപ്റ്റൻ കരുണാരത്നെ (84), ബി മെൻഡിസ് (85), ആഞ്ചലോ മാത്യൂസ് (52), പി മെൻഡിസ് (61) എന്നിവർ അർദ്ധ സെഞ്ച്വറികളും, എൽ ചാണ്ടിമൽ (206*) ഡബിൾ സെഞ്ച്വറിയും നേടിയതോടെ ഒന്നാം ഇന്നിംഗ്സിൽ ശ്രീലങ്ക 554 റൺസ് കണ്ടെത്തി.

ഒന്നാം ഇന്നിംഗ്സിൽ 190 റൺസ് ലീഡ് സ്വന്തമാക്കിയ ശ്രീലങ്ക തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയക്കെതിരെ ബോൾ ചെയ്തത്. ശ്രീലങ്കൻ ബൗളർമാരുടെ ആത്മവിശ്വാസം ഫലം കാണുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയുടെ ടോപ്പ് ഓർഡർ അൽപ്പനേരം പിടിച്ചുനിന്നെങ്കിലും, മധ്യനിരയും വാലറ്റവും തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്.

ഒരു ദിനം ബാക്കി നിൽക്കെ, മത്സരത്തിന്റെ നാലാം ദിനം ശ്രീലങ്ക ഒന്നാം ഇന്നിംഗ്സിൽ ഉയർത്തിയ ലീഡ് പോലും മറികടക്കാൻ ആകാതെ ഓസ്ട്രേലിയ 151 റൺസിന് കൂടാരം കയറി. 32 റൺസെടുത്ത ലബുഷാനെയാണ്‌ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. അതേസമയം, ശ്രീലങ്കൻ പേസർ പ്രഭാത് ജയസൂര്യ, രണ്ട് ഇന്നിംഗ്സുകളിലും ആറു വീതം വിക്കറ്റുകൾ വീഴ്ത്തി, മത്സരത്തിൽ മൊത്തം 12 വിക്കറ്റുകൾ വീഴ്ത്തി.