ദ്രാവിഡല്ല കൊച്ചായി എത്തുക ലക്ഷ്മൺ!! സഞ്ജുവിന് അവസരം ലഭിക്കുമോ

ഈ മാസം (ഓഗസ്റ്റ്) 18-ന് ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്‌പ്രീത് ബുംറ, മുഹമ്മദ്‌ ഷമി, രവിചന്ദ്ര അശ്വിൻ തുടങ്ങിയ സീനിയർ കളിക്കാർക്ക് വിശ്രമം അനുവദിച്ച ഏകദിന പരമ്പരയിൽ, ഇപ്പോൾ ടീം ഇന്ത്യയുടെ പരിശീലക സംഘത്തിനും ബിസിസിഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്.

മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്‌ ഉൾപ്പെടെയുള്ളവരുടെ പകരക്കാരെയും ബിസിസിഐ ഇപ്പോൾ പ്രഖ്യാപിച്ചു. രാഹുൽ ദ്രാവിഡിന്റെ അഭാവത്തിൽ, നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാനായ വിവിഎസ് ലക്ഷ്മൺ ആയിരിക്കും സിംബാബ്‌വെ പര്യടനത്തിൽ ഇന്ത്യയുടെ പരിശീലക ചുമതല വഹിക്കുക. കൂടാതെ, ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോഡ്, ബൗളിംഗ് പരിശീലകനായ പരസ് മാംബ്രെ എന്നിവർക്കും സിംബാബ്‌വെ പര്യടനത്തിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഇവർക്ക് പകരമായി, മുൻ ഇന്ത്യൻ താരങ്ങളായ സായ്‌രാജ് ബഹുതുലെ ബാറ്റിംഗ് പരിശീലകനായും, ഋഷികേശ് കനിത്കറു ബൗളിംഗ് പരിശീലകനായും ഇന്ത്യൻ ടീമിനൊപ്പം ചേരും. ഓഗസ്റ്റ് 20-ന് ഏഷ്യ കപ്പിന്റെ മുന്നൊരുക്കങ്ങൾക്കായി യുഎഇയിലേക്ക് യാത്ര തിരിക്കുന്ന ഇന്ത്യൻ ടീമിനൊപ്പം രാഹുൽ ദ്രാവിഡിന് പോകേണ്ടതുണ്ട്. ഈ സാഹചര്യമു മുന്നിൽ കണ്ടു കൊണ്ടാണ് സിംബാബ്‌വെ പര്യടനത്തിൽ ദ്രാവിഡിന് വിശ്രമം അനുവദിച്ചിരിക്കുന്നത് എന്ന് ബിസിസിഐ പ്രസിഡന്റ്‌ വ്യക്തമാക്കി.

നേരത്തെ, അയർലൻഡിനെതിരായ ടി20 പരമ്പര, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ഒന്നാം മത്സരം എന്നിവയിൽ എല്ലാം രാഹുൽ ദ്രാവിഡിന്‍റെ അഭാവത്തിൽ വിവിഎസ് ലക്ഷ്മൺ ഇന്ത്യയുടെ മുഖ്യ പരിശീലക ചുമതല വഹിച്ചിട്ടുണ്ട്. ഓഗസ്റ്റ് 18, 20, 22 തീയതികളിലായിയാണ് സിംബാബ്‌വെക്കെതിരെയുള്ള ഇന്ത്യയുടെ ഏകദിന മത്സരങ്ങൾ നടക്കുക. ഏഷ്യ കപ്പ് ടീമിൽ ഉൾപ്പെട്ടിട്ടുള്ള കളിക്കാർ സിംബാബ്‌വെ പര്യടനത്തിന് ശേഷം യുഎഇയിലേക്ക് തിരിക്കും, ശേഷിക്കുന്നവർ ഇന്ത്യയിലേക്ക് മടങ്ങും.