എന്തിന് പഞ്ചാബ് കിങ്സിൽ നിന്നും മാറി :കാരണവുമായി രാഹുൽ രംഗത്ത്

ഐ‌പി‌എൽ 2022 സീസണിന് മുന്നോടിയായി പഞ്ചാബ് കിംഗ്‌സ് വിടാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ‌എൽ രാഹുൽ മനസ്സുതുറക്കുന്നു. ഐ‌പി‌എൽ 2022 മെഗാ ലേലത്തിന് മുന്നോടിയായി പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റൻ കൂടിയായിരുന്ന രാഹുലിനെ നിലനിർത്താൻ പഞ്ചാബ് ശ്രമിച്ചിരുന്നെങ്കിലും, രാഹുൽ അതിൽ താത്പര്യം കാണിച്ചില്ല. പിന്നീട്, പുതിയ ഐപിഎൽ ഫ്രാഞ്ചൈസിയായ ലഖ്നൗ സൂപ്പർ ജിയന്റ്സിന്റെ ക്യാപ്റ്റനായി സ്ഥാനമേൽക്കുകയും ചെയ്തു.

ക്യാപ്റ്റൻ എന്ന നിലയിൽ വലിയ നേട്ടങ്ങൾ സമ്പാദിച്ചില്ലെങ്കിലും, 2018-ൽ ടീമിൽ ചേർന്നതിന് ശേഷം പഞ്ചാബിന്റെ ഏറ്റവും മികച്ച ബാറ്ററായിരുന്നു രാഹുൽ. 2018 മുതൽ 2021 വരെയുള്ള നാല് സീസണുകളിലായി 55 മത്സരങ്ങളിൽ നിന്ന് 54-ന് മുകളിൽ ശരാശരിയിൽ 2548 റൺസ് രാഹുൽ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഐപിഎൽ 2021ൽ പഞ്ചാബ് കിംഗ്‌സിന്റെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരനായ രാഹുൽ, ടൂർണമെന്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമനായിരുന്നു.

ഇപ്പോൾ, പഞ്ചാബ് കിംഗ്‌സ് വിടാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് രാഹുൽ തുറന്നു പറഞ്ഞിരിക്കുകയാണ്. ഇതൊരു കടുത്ത തീരുമാനമായിരുന്നു, എന്നാൽ ഒരു പുതിയ യാത്ര ആരംഭിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് രാഹുൽ പറയുന്നത്. “നാലു വർഷമായി ഞാൻ അവരോടൊപ്പമുണ്ട് (പഞ്ചാബ്), ഞാൻ അവരോടൊപ്പം മികച്ച പ്രകടനം നടത്തി,” രാഹുൽ പറയുന്നു.

“എന്നാൽ, ഇനി എനിക്കായി എന്താണ് സംഭവിക്കാൻ പോകുന്നതെന്നും, ഒരു പുതിയ യാത്ര എങ്ങനെ ആയിരിക്കുമെന്നും കാണാൻ ഞാൻ ആഗ്രഹിച്ചു. യഥാർത്ഥത്തിൽ പഞ്ചാബ് വിടാൻ തീരുമാനിച്ചത് ഒരു കടുത്ത തീരുമാനമായിരുന്നു. പഞ്ചാബുമായി എനിക്ക് ഏറെ നാളത്തെ അടുപ്പമുണ്ട്. എന്നിരുന്നാലും, എനിക്ക് മറ്റെന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് നോക്കാൻ ഞാൻ ആഗ്രഹിച്ചു,” രാഹുൽ റെഡ് ബുൾ ക്രിക്കറ്റിനോട് പറഞ്ഞു.