ലേഡി സൂപ്പർ സ്റ്റാർ , മിനിമോൾ എബ്രഹാം .

0

നീണ്ട പതിനാറു വർഷങ്ങൾ , ഒരു കായിക താരത്തിന്റെ ജീവിതത്തിലെ സുവർണ കാലഘട്ടം മുഴുവൻ ദേശീയ ടീമിന് വേണ്ടി കളിക്കാൻ കഴിയുക , ഇത് ഭാഗ്യത്തിനപ്പുറം കഠിനാദ്ധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും വിജയം കൂടിയാണ് , 2004 ൽ യൂത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കുപ്പായമിട്ട് തുടങ്ങിയ വോളിബോൾ യാത്ര ഇക്കഴിഞ്ഞ സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമാവുകയും, ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച താരമായി തിളങ്ങി നിൽക്കുകയുമാണ് മലയാളത്തിന്റെ , ഇന്ത്യയുടെ അഭിമാനം മിനിമോൾ അബ്രഹാം , ഓർക്കണം ഒരു വേള കളിക്കളത്തിൽ നിന്ന് ബ്രേക്ക് എടുത്തു തിരിച്ചു വന്നാണ് സൗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച വോളിബോൾ താരമായത് .

ഇന്ത്യയിലെ ചില കായിക താരങ്ങളെക്കുറിച്ചു വിദേശ കോച്ചുമാരും താരങ്ങളും പങ്കുവെക്കുന്നൊരു കാര്യമുണ്ട് ,”ഇവർ എന്റെ നാട്ടിലാണ് ജനിച്ചതെങ്കിൽ ലോകം കീഴ്‌പ്പെടുത്തിയേനെ” എന്ന് , മിനിമോൾ അബ്രഹാമിനെ കുറിച്ച് അങ്ങനെ പറഞ്ഞാൽ അതൊട്ടും അധികമാവില്ല , കാരണം ഇന്ത്യൻ വോളിയിൽ അവർക്കെതിപ്പിടിക്കാവുന്ന നേട്ടങ്ങളുടെ ലിസ്റ്റ് ഇനിയില്ല , ഈ സാഹചര്യങ്ങളിൽ നിന്ന് അവർക്ക് ഇതിലധികം വളരാനും കഴിയില്ല , വോളിബോൾ ഹാൾ ഓഫ് ഫെയിം ലിസ്റ്റിൽ ഇടം കണ്ടെത്തിയ അമേരിക്കൻ ബീച്ച് വോളിബാൾ താരം മെയ് ട്രിനോറിനെപ്പോലെ അവരസങ്ങളുടെ വാതിലുകളുണ്ടായിരുന്നെങ്കിൽ കൊട്ടിയൂരിൽ പിറന്നു വീണ മിനിമോൾ ദി ബെസ്റ്റ് എന്ന് നമ്മൾ തിരയുമ്പോൾ ഉത്തരമായി അവിടെയുണ്ടായേനെ .

2008 ഡിസംബറിലാണ് മിനിമോൾ സതേൺ റെയിൽവേയുടെ ഭാഗമാവുന്നതു , അവിടുന്നിങ്ങോട്ട് തുടർച്ചയായ എല്ലാ സീനിയർ ചാംപ്യൻഷിപ്പുകളിലും ഫെഡറേഷൻ കപ്പുകളിലും റെയിൽവേയുടെ മുന്നണിപ്പോരാളിയായിരുന്നു മിനിമോൾ , ഇതിൽ എട്ടു തവണയാണ് റെയിൽവേ കിരീടത്തിൽ മുത്തമിട്ടത് , രണ്ടു തവണ റണ്ണേഴ്‌സ് അപ്പും , ചുരുക്കത്തിൽ മിനിമോൾ പങ്കെടുത്ത എല്ലാ സീനിയർ ചാംപ്യൻഷിപ്പുകളിലും ഫൈനൽ കളിച്ച താരം , അഞ്ചു ഫെഡറേഷൻ കപ്പുകളിൽ നിന്നായി മൂന്നു സ്വർണ്ണമെഡലും രണ്ടു വെള്ളിമെഡലും തന്റെ ആഭ്യന്തര കരിയറിൽ നിന്ന് നേടിയെടുക്കാനും കഴിഞ്ഞു , റെയിൽവേയിലേക്ക് തിരിക്കുന്നതിന് മുന്നേ നടന്ന സീനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി കളിച്ചപ്പോൾ റായ്‌പൂരിൽ രണ്ടാമതെത്തുകയും ചെയ്തിട്ടുണ്ട് , കേരളത്തിന് വേണ്ടി രണ്ടു ദേശീയ ഗെയിംസിൽ കുപ്പായമിട്ട മിനിമോൾ രണ്ടിലും കേരളത്തിന് കിരീടം സമ്മാനിച്ചു .

ബോക്സിങ് റിങ്ങിലെ പുലിക്കുട്ടി ഇന്ത്യയുടെ മേരി കോം വാർത്തകളിൽ നിറയുന്നത് എട്ടു ലോക ചാംപ്യൻഷിപ്പുകളിൽ മെഡൽ നേടിയ ഒരേയൊരു താരമായത്‌കൊണ്ടു മാത്രമല്ല , ഇരട്ടക്കുകൾക്ക് ജന്മം നൽകിയ ശേഷം റിങ്ങിലേക്ക് മടങ്ങിയെത്തി ചൈനയിൽ നിന്ന് ലോകചാമ്പ്യൻഷിപ്പിൽ നിന്ന് സ്വർണം നേടുമ്പോൾ ലോകം അവരെ വാഴ്ത്തിയത് Magnificent മേരി എന്നാണു , അത്തരമൊരു കഥ മിനിമോൾക്കും പറയാനുണ്ട് , വിവാഹം കഴിയുന്നതോടെ കായിക രംഗത്തോട് വിടപറയുന്നവരാണ് അധികവും അവരുടെ ഇടയിൽ നിന്നാണ് വോളിബോൾ പോലൊരു ഗെയിംലേക്ക് കുട്ടി ജനിച്ച ശേഷവും മിനിമോൾ കടന്നുവരുന്നത് ,മോരികോമിന് റിങ്ങിലേക്ക് തിരിച്ചുവരവ് സാധ്യമാക്കിയത് ഭർത്താവ് കാറൊങ് ആണെങ്കിൽ മിനിമോൾക്കതു ഭർത്താവ് ജോബിനാണ് , കളരി പരിശീലനത്തിലൂടെയാണ് കണ്ണൂരിന്റെ ചുണക്കുട്ടി വോളിബോൾ കോർട്ടിൽ വിസ്മയം തീർക്കാനെത്തിയത് , അതിനു ശേഷം ഒരിക്കൽ കൂടി ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ നായികയായെത്തി .

സാലി ജോസെഫിന്റെ കളി കണ്ടു ആശ്ചര്യപ്പെട്ട മിനിമോളുടെ അമ്മയാണ് തന്റെ മകളെയും കളിക്കളത്തിലേക്ക് പറഞ്ഞു വിടുന്നത് , അത്‌ലറ്റിക്‌സിൽ തുടങ്ങിയ മിനിമോൾ ഉയരക്കൂടുതൽ കാരണം വോളിബോളിലെത്തി , ഒൻപതാം ക്ലാസ് മുതൽ തലശ്ശേരി സായ് സെന്ററിലെത്തിയതോടെ ഒരു തികഞ്ഞ വോളിബോൾ താരമായി മിനിമോൾ , ബാലചന്ദ്രൻ സാറിനു കീഴിലാണ് ഇന്റർനാഷണൽ പരുവത്തിലേക്കെത്തിയത് ,സാറിനു കീഴിൽ പരിശീലിച്ചു കൊണ്ടിരിക്കുമ്പോൾ യൂത്ത് ഇന്ത്യയും ,ജൂനിയർ ഇന്ത്യയും കളിക്കാനുള്ള സൗഭാഗ്യവും മിനിമോൾക്ക് ലഭിച്ചു ,2006 മുതൽ സീനിയർ ഇന്ത്യൻ ടീമിന്റെ ഭാഗമാണ് മിനിമോൾ , രണ്ടു ഏഷ്യൻ ഗെയിംസ് അടക്കം നിരവധി അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമിട്ട് , ഫ്രന്റ് റോയിലേയിലും ,ബാക് റോയിലെയും അറ്റാക്കുകൾക്ക് ആധുനിക ഇന്ത്യൻ വോളിയിൽ പകരക്കാരില്ല ,പതിനായിരത്തോളം കാണികളുടെ പിന്തുണയുമായി കോഴിക്കോട് നാഷണൽസിൽ കേരളം റെയിൽവേയെ നേരിടുന്നു , രണ്ടു സെറ്റുകൾ നേടി ഇരു ടീമുകളും തുല്യതയിൽ , ട്രൈബ്രേക്കർ സെറ്റിൽ പത്തു പോയന്റിന് ശേഷം തിരിച്ചുവരവ് നടത്തുന്ന കേരള ടീമിന്റെ ഫസ്റ്റ് ലൈനിൽ പതിമൂന്നാം പോയന്റ് മിനിമോൾ അടിച്ചിറക്കുമ്പോൾ കേരളത്തിന് ലഭിക്കാതെ പോയ രാജകുമാരിയെന്നു പലരും അടക്കം പറയുന്നുണ്ടായിരുന്നു , 12 ,13 ൽ നിൽക്കുമ്പോൾ റെയിൽവേയുടെ സ്റ്റെർക്ക് ടു സോണിലേക്ക് സെറ്റ് ചെയ്യാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല ,അവിടെ മിനിമോൾ അബ്രഹാം ഉണ്ടായിരുന്നു , ഇരുപതിനായിരം കയ്യടികൾ നിശബ്ദമാക്കി ഡബിൾ ബ്ലോക്കിനെ അടിച്ചു തെറിപ്പിക്കുന്നത്‌ , ആ എക്സ്പീരിയൻസ് ആർക്കാണ് മറക്കാൻ പറ്റുക ?. ഒരു ചെറിയ കാരണം കൊണ്ട് ജീവിതം നൽകിയ വോളിബോളിനെ മറന്നു ജീവിക്കുന്നവർക്കിടയിൽ വിസ്മയമാണ് മലയാളക്കര ഇന്ത്യൻ റെയിൽവേക്ക് സമ്മാനിച്ച കണ്ണൂരിന്റെ സ്വന്തം മിനിമോൾ എബ്രഹാം , ഇനിയും ഒരുപാട് കാലം വോളിബോൾ കോർട്ടിൽ നിറഞ്ഞു നിൽക്കട്ടെ , ആശംസകൾ .

സയീദ് വോളി ലൈവ് .