നിലംപൊത്തി വീണ് മാർനസ് ലബുഷാഗ്‌നെ ; ക്രിക്കറ്റ്‌ ലോകത്തെ മുഴുവൻ ചിരിപ്പിച്ച ലബുഷാഗ്‌നെയുടെ പുറത്താകൽ കാണാം 🤣

ഓസ്ട്രേലിയ ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റ്‌ മത്സരത്തിന് ഹൊബാർട്ടിലെ ബെല്ലെരിവ് ഓവൽ സ്റ്റേഡിയത്തിൽ തുടക്കമായി. മത്സരത്തിൽ ടോസ് ലഭിച്ച ഇംഗ്ലണ്ട് ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ, ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ, ഇപ്പോൾ മഴമൂലം 59.3 ഓവറിൽ കളി നിർത്തിവെച്ചപ്പോൾ, 241/6 എന്ന നിലയിൽ തുടരുകയാണ്. അലക്സ്‌ കാരെ (10), മിച്ചൽ സ്റ്റാർക് (0) എന്നിവരാണ് ഓസ്ട്രേലിയക്ക്‌ വേണ്ടി ഇപ്പോൾ ക്രീസിൽ തുടരുന്നത്.

എന്നാൽ, ഹൊബാർട്ട് ടെസ്റ്റിലെ ആദ്യ ദിവസത്തെ ആദ്യ സെഷൻ ഓസ്ട്രേലിയക്ക്‌ അത്ര മികച്ചതായിരുന്നില്ല. ഓപ്പണർമാരായ ഡേവിഡ് വാർണർ (0), ഉസ്മാൻ ഖവാജ (6) എന്നിവർ നേരത്തെ മടങ്ങിയപ്പോൾ, അവർക്ക് പിന്നാലെ സ്റ്റീവ് സ്മിത്തും (0) റൺസ് ഒന്നും എടുക്കാതെ കൂടാരം കയറി. 12/3 എന്ന നിലയിലേക്ക് തകർന്നടിഞ്ഞ ഓസ്ട്രേലിയക്ക്‌ മാർനസ് ലബുഷാഗ്‌നെ (44), ട്രെവിസ് ഹെഡ് (101) എന്നിവരുടെ കൂട്ടുകെട്ട് 71 റൺസ് സംഭാവന ചെയ്ത് ഒരു അടിത്തറ നൽകി.

തുടർന്ന്, കാമറോൺ ഗ്രീൻ (74), ട്രെവിസ് ഹെഡ് 121 റൺസ് കൂട്ടുക്കെട്ടാണ് ഓസ്ട്രേലിയയെ മാന്യമായ സ്കോറിൽ എത്തിച്ചത്. എന്നാൽ, മത്സരത്തിൽ ഇംഗ്ലണ്ട് വെറ്ററൻ പേസർ സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ 23-ാം ഓവറിൽ നടന്ന ഒരു രസകരമായ സംഭവം ലോക ക്രിക്കറ്റ്‌ ആരാധകരിൽ ചിരി പടർത്തി. ഓസ്ട്രേലിയൻ ബാറ്റർ ലബുഷാഗ്‌നെ സ്റ്റുവർട്ട് ബ്രോഡിന്റെ 23-ാം ഓവറിലെ ആദ്യ പന്തിൽ ക്ലീൻ ബൗൾഡ് ആയ വിധമാണ് കാഴ്ച്ചക്കാരിൽ ചിരി പടർത്തിയത്.

ബ്രോഡിന്റെ ഒരു ഫുൾ ലെങ്ത് ഡെലിവറി, സ്റ്റംപിന് കുറുകെ ഓഫ്‌സൈഡിലേക്ക് മാറി സ്റ്റംപ് തുറന്നുകാട്ടി, ലെഗ് സൈഡിലേക്ക് ഫ്ലിക് ചെയ്യാനാണ് ലബുഷാഗ്‌നെ ശ്രമിച്ചത്. എന്നാൽ, ഓസ്ട്രേലിയൻ ബാറ്റർ കാൽ വഴുതി നിലംപൊത്തി വീണതോടെ, തുറന്ന് കിടക്കുന്ന ലെഗ് സ്റ്റംപിലേക്ക് ബോൾ പതിക്കുകയും, ലബുഷാഗ്‌നെ ക്ലീൻ ബൗൾഡ് ആകുകയും ചെയ്തു. ഇതോടെ, മുൻ ഇന്ത്യൻ താരം വാസിം ജാഫർ ഉൾപ്പെടെയുള്ള മുൻ താരങ്ങളും, ആരാധകരും സാമൂഹ്യ മാധ്യമങ്ങളിൽ ഓസ്ട്രേലിയൻ ബാറ്ററെ കളിയാക്കി രംഗത്തെത്തി