അന്ന് ക്രിക്കറ്റ് കളിച്ചതിന് അച്ഛൻ അടിച്ചു 😱😱 ഇപ്പോൾ അവനെ കുറിച്ചോർക്കുമ്പോൾ അഭിമാനമുണ്ടെന്ന് യുവതാരത്തിന്റെ പിതാവ്
സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ഇപ്പോൾ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ഫോമിലാണ്. പ്രഥമ ഐപിഎൽ ജേതാക്കൾ ഇതുവരെ നാല് മത്സരങ്ങളിൽ മൂന്നെണ്ണം ജയിച്ച് ഐപിഎൽ 2022 പോയിന്റ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ്. കോൾട്ടർ നൈൽ, നവ്ദീപ് സൈനി തുടങ്ങിയ താരങ്ങൾക്ക് പരിക്ക് പറ്റിയെങ്കിലും, അരങ്ങേറ്റക്കാർ ഉൾപ്പടെയുള്ള യുവതാരങ്ങൾ മികവ് പുലർത്തിയത് റോയൽസിന് സഹായകമായി.
ഏപ്രിൽ 10 ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ, തന്റെ ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച പേസർ കുൽദീപ് സെൻ ആർആർ നിരയിൽ തിളങ്ങിയിരുന്നു. തന്റെ നാലോവറിൽ 35 റൺസ് വഴങ്ങിയ സെൻ സെറ്റ് ബാറ്റ്സ്മാൻ ദീപക് ഹൂഡയുടെ വലിയ വിക്കറ്റും വീഴ്ത്തി. മാത്രമല്ല, അവസാന ഓവറിൽ 15 റൺസ് പ്രതിരോധിക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് സാംസൺ സെന്നിന് നൽകിയത്. 20-ാം ഓവറിൽ സെൻ വിജയകരമായി മൂന്ന് ഡോട്ട് ബോളുകൾ എറിഞ്ഞ് ക്യാപ്റ്റന്റെ പ്രതീക്ഷ നിറവേറ്റുകയും ചെയ്തു.

എന്നാൽ, ക്രിക്കറ്റ് കളിച്ചതിന് മകനെ ശകാരിക്കുകയും അടിക്കുകയും ചെയ്‌തിട്ടുണ്ടെന്നും പക്ഷെ ഇപ്പോൾ അവനെ കുറിച്ചോർക്കുമ്പോൾ അഭിമാനം കൊള്ളുന്നുവെന്നും സെന്നിന്റെ പിതാവ് പറഞ്ഞു. “ഇന്ന് എനിക്ക് ഭക്ഷണം കഴിക്കാൻ സമയമില്ല. കാരണം, ഇന്ന് ധാരാളം ഉപഭോക്താക്കളുണ്ട്. കഴിഞ്ഞ 30 വർഷമായി ഞാൻ ബാർബർ ആണ്. എന്റെ മകന്റെ കാര്യത്തിൽ ഞാൻ ഇപ്പോൾ സന്തോഷവാനാണ്,” സെന്നിന്റെ പിതാവ് രാം പാൽ പറഞ്ഞു.
“കളിയോടുള്ള അവന്റെ അഭിനിവേശത്തെ ഞാൻ ഒരിക്കലും പിന്തുണച്ചിരുന്നില്ല. സ്‌കൂളിൽ പഠിക്കുമ്പോൾ ക്രിക്കറ്റ് കളിച്ചതിന് ഞാൻ അവനെ ശകാരിക്കുകയും തല്ലുകയും ചെയ്തിട്ടുണ്ട്. പക്ഷെ, അവൻ ഒരിക്കലും തന്റെ സ്വപ്നങ്ങൾ ഉപേക്ഷിച്ചില്ല,” മധ്യപ്രദേശിൽ ബാർബർ ഷോപ്പ് നടത്തുന്ന രാം പാൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.