അവർ കുൽദീപ് യാദവിനെ ഒരു സെർവന്റ് ആയിയാണ് കണ്ടിരുന്നത് ; തുറന്നടിച്ച് കുൽദീപിന്റെ പരിശീലകൻ

ഓരോ കളിക്കാരുടെയും പ്രകടനം അവർ കളിക്കുന്ന ടീമുകൾ അവരെ എങ്ങനെ പരിഗണിക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചിരിക്കും. കഴിഞ്ഞ ഐപിഎൽ സീസണുകളിൽ മികവ് പുലർത്താത്ത ഒരുപിടി താരങ്ങൾ, ഇത്തവണ പുതിയ ഫ്രാഞ്ചൈസികളിലേക്ക് ചേക്കേറിയതോടെ അവരുടെ പ്രകടനം മെച്ചപ്പെട്ടതായി ആദ്യ മത്സരങ്ങളിൽ നിന്ന് തന്നെ ദൃശ്യമായി. അതിൽ ഉൾപ്പെട്ട താരമാണ് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്.

കഴിഞ്ഞ രണ്ട് സീസണുകളിലും കുൽദീപ് യാദവ് കോൽക്കനൈറ്റ്‌ റൈഡേഴ്സിനൊപ്പമായിരുന്നു. എന്നാൽ, കെകെആർ കുൽദീപിനെ ഒരു ബെഞ്ച് സ്‌ട്രെങ്ത് ആയി മാത്രമാണ് കണ്ടിരുന്നത്. പക്ഷെ, ഐപിഎൽ 2022 മെഗാ ലേലത്തിൽ കുൽദീപ് യാദവിനെ ഡൽഹി ക്യാപിറ്റൽസ്‌ സ്വന്തമാക്കിയിരുന്നു. ഈ സീസണിലെ ഡൽഹിയുടെ ആദ്യ മത്സരത്തിൽ തന്നെ, മുംബൈ ഇന്ത്യൻസിനെതിരെ മാച്ച് വിന്നിംഗ് പ്രകടനവും നടത്തി ശ്രദ്ധേയനായിരിക്കുകയാണ് കുൽദീപ്. 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് ഡൽഹി ക്യാപിറ്റൽസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ഇതോടെ, കുൽദീപ് യാദവിന്റെ പരിശീലകനായ കപിൽ പാണ്ഡേ, കുൽദീപിനെ അദ്ദേഹത്തിന്റെ മുൻ ഫ്രാഞ്ചൈസിയായ കെകെആർ കാര്യമായ രീതിയിൽ പരിഗണിച്ചില്ല എന്ന് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ്. “കുൽദീപ് യാദവ് ഒരു മാച്ച് വിന്നറാണ്. എന്നാൽ അവനെ നന്നായി കൈകാര്യം ചെയ്യേണ്ടതുണ്ട്. അവൻ ഒരു വികാരഭരിതനാണ്, അവനെ ടീമിൽ നിന്ന് പുറത്തിറത്തുമ്പോൾ, അവന് നിരാശ തോന്നുന്നു. വർഷങ്ങളായി ടീമിനൊപ്പമുള്ള അവനെ, അവന്റെ അവസാന ഘട്ടത്തിൽ കെകെആർ കൈകാര്യം ചെയ്ത രീതി ശരിയായില്ല,” കപിൽ പാണ്ഡേ പറഞ്ഞു.

“കുൽദീപ് നന്നായി കളിക്കുന്നുണ്ടായിരുന്നു, പക്ഷേ അവനെ അവഗണിക്കുകയായിരുന്നു. കെകെആർ അവനെ വിട്ടയച്ച ദിവസം ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു, കുൽദീപും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാമ്പിൽ ഒരു സെർവന്റിനെ പോലെയാണ് കുൽദീപിനോട് പെരുമാറുന്നതെന്ന് ഞങ്ങൾ കരുതിയിരുന്നു. അവസരം ലഭിച്ചില്ലെങ്കിൽ ടീമിൽ നിന്ന് പുറത്തുപോവുന്നതാണ് നല്ലത്,” കുൽദീപ് യാദവിന്റെ പരിശീലകൻ പറഞ്ഞു.