ചെയ്യേണ്ടേതെല്ലാം ചെയ്തിട്ട് അവന്റെ ഒരു ചുംബനം ; ക്രുനാൾ പാണ്ഡ്യക്കെതിരെ പൊള്ളാർഡ് കലിപ്പിൽ

വർഷങ്ങൾക്ക് ശേഷം സ്വന്തം തട്ടകത്തിലിറങ്ങിയ മുംബൈ ഇന്ത്യൻസിന്, അവർ നേരിടുന്ന ദുരിതത്തിൽ നിന്നും കരകയറാനായില്ല. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022-ലെ 37-ാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജിയന്റ്സ് മുംബൈ ഇന്ത്യൻസിനെ 36 റൺസിന് പരാജയപ്പെടുത്തി. ഇതോടെ ഈ സീസണിൽ കളിച്ച 8 മത്സരങ്ങളിലും മുംബൈയുടെ ഫലം ദയനീയ പരാജയമായി.

മത്സരത്തിൽ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ എൽഎസ്ജി, ക്യാപ്റ്റൻ കെഎൽ രാഹുലിന്റെ (103*) സെഞ്ച്വറിക്കരുത്തിൽ 20 ഓവറിൽ 168 റൺസ് കണ്ടെത്തി. വാങ്കഡെ പോലൊരു ബാറ്റർമാർക്ക് അനുയോജ്യമായ സ്റ്റേഡിയത്തിൽ എൽഎസ്ജിയെ 168-ൽ പിടിച്ചുക്കെട്ടാനായത് മുംബൈ ബൗളർമാരുടെ നേട്ടമാണ്. എന്നാൽ, അതിന്റെ ആനുകൂല്യം ബാറ്റർമാർക്ക് മുതലെടുക്കാനായില്ല.രോഹിത് ശർമ്മ (39), തിലക് വർമ്മ (38), കിറോൻ പൊള്ളാർഡ് (19) എന്നിവരൊഴികെ മറ്റൊരു ബാറ്റർക്കും ഇന്നിംഗ്സിൽ രണ്ടക്കം കണ്ടെത്താനായില്ല എന്നത് മുംബൈ ബാറ്റർമാരുടെ അവസ്ഥ തുറന്നുക്കാട്ടുന്നു.

എൽഎസ്ജി ബൗളിംഗ് നിരയിൽ 4 ഓവറിൽ 19 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ക്രുനാൾ പാണ്ഡ്യയും 4 ഓവറിൽ 14 റൺസ് മാത്രം വഴങ്ങിയ പതിര ചമീരയും മികച്ച ബൗളിംഗ് പുറത്തെടുത്തു.മുംബൈ ബാറ്റിംഗ് ഇന്നിംഗ്സിന്റെ ക്രുനാൾ പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ ചില നാടകീയ രംഗങ്ങൾക്ക്ക്കൂടി മത്സരം സാക്ഷിയായി. ഓവറിലെ രണ്ടാം ബോളിൽ ഓൾറൗണ്ടർ പൊള്ളാർഡിനെ തന്റെ സ്റ്റോക്ക് ബോളിൽ ലോങ്ങ്‌ ഓണിൽ ഫീൽഡ് ചെയ്തിരുന്ന ദീപക് ഹൂഡയുടെ കൈകളിൽ സുരക്ഷിതമായി എത്തിച്ച പാണ്ഡ്യ, അതിന് ശേഷം നടത്തിയ സെലിബ്രേഷനാണ് ശ്രദ്ധേയമായത്.

നിരാശനായി മടങ്ങുന്ന പൊള്ളാർഡിന്റെ കൈകളിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും, കൈ നൽകാൻ കൂട്ടക്കാതിരുന്ന പൊള്ളാർഡിന്റെ പുറകിലൂടെ ചാടിപിടിച്ച് ഉമ്മ വെക്കുകയാണ് പാണ്ഡ്യ ചെയ്തത്. എന്നാൽ, യാതൊരു ഭാവ വ്യത്യാസവുമില്ലാതെ പൊള്ളാർഡ് ഡഗ്ഔട്ടിലേക്ക് നടന്ന് നീങ്ങി.