ആദ്യത്തെ കളിയിൽ തന്നെ സൂപ്പർ ടീം :കേരളത്തിന്റെ കൊമ്പന്മാരെ മറന്നോ

കേരളത്തിന്റെ കൊമ്പന്മാർ എന്ന് പറഞ്ഞാൽ ഇന്ന് പലരും അത് കേരള ബ്ലാസ്റ്റേഴ്‌സ് ആണ് എന്ന് തെറ്റിദ്ധരിക്കും, എന്നാൽ, 2011 ഐപിഎൽ സീസണിൽ കേരളത്തിനൊരു കൊമ്പന്മാർ ഉണ്ടായിരുന്നു, കൊച്ചി ടസ്‌ക്കേഴ്സ് കേരള. അന്ന്, അതിനോടകം തന്നെ 3 പതിപ്പുകൾ പിന്നിട്ട ഐപിഎല്ലിൽ മലയാളികളിൽ ഭൂരിഭാഗവും ധോണിപ്പടയുടെയും, സച്ചിൻ പടയുടെയും എല്ലാം ആരാധകരായി മാറിയിരുന്നു. എന്നാൽ, നാലാം പതിപ്പിൽ കേരളത്തിനൊരു ടീം വന്നപ്പോൾ, കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗാലറിയിൽ ഇരുന്ന് മലയാളികൾ ഏക സ്വരത്തിൽ, ആ ഓറഞ്ചും പർപ്പിളും ഇടകലർന്ന നിറത്തിലുള്ള ജേഴ്സി ധരിച്ച് മൈതാനത്തിറിങ്ങിയ കൊമ്പന്മാർക്ക് ആർപ്പ് വിളിച്ചു.

ഒരുപക്ഷെ, അത് കേരളത്തിന്റെ ടീം എന്ന രീതിയിൽ മാത്രം ആകണമെന്നില്ല, കാരണം ഒരു കൊലക്കൊല്ലി ടീമും അന്ന് കൊച്ചിപ്പടയ്ക്ക് ഉണ്ടായിരുന്നു. 2011 ഏപ്രിൽ 9-തിന് ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇറങ്ങിയ ടസ്‌ക്കേഴ്സിന്, റോയൽ ചലഞ്ചേഴ്സ്‌ ആയിരുന്നു എതിരാളികൾ. അന്നത്തെ ടസ്‌ക്കേഴ്സിന്റെ ഇലവൻ കണ്ടാൽ ഇന്നും മലയാളി ക്രിക്കറ്റ്‌ ആരാധകരുടെ രോമം എണീറ്റ് നിൽക്കും. അന്നത്തെ ഇലവൻ നമുക്ക് വീണ്ടുമൊന്ന് ഓർത്തെടുക്കാം.

ഓപ്പണർമാരായി ന്യൂസിലാൻഡിന്റെ വെടിക്കെട്ട് ബാറ്റർ ബ്രെണ്ടൻ മക്കല്ലവും ഇന്ത്യയുടെ ഇതിഹാസ താരം വിവിഎസ് ലക്ഷ്മനും. വൺ ഡൗൺ ആയി ക്രീസിൽ എത്തിയത് ടസ്‌ക്കേഴ്സിന്റെ ക്യാപ്റ്റനും ശ്രീലങ്കൻ ഇതിഹാസ താരവുമായ മഹേലെ ജയവർധനെ. മധ്യനിരയിൽ ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓൾറൗണ്ടർ ബ്രാഡ് ഹോഡ്ജും ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും. ആറാമനായി മലയാളി താരം റൈഫി വിൻസെന്റ് ഗോമസ്, ഏഴാം നമ്പറിൽ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ. സംഭവ ബഹുലമായ ബാറ്റിംഗ് നിരക്ക് പിന്നാലെ, അന്ന് ക്രിക്കറ്റിൽ ഉണ്ടായിരുന്ന പ്രകത്ഭരായ ബൗളിംഗ് നിര. പേസർമാരായി ആർപി സിംഗും, എസ് ശ്രീശാന്തും, വിനയ് കുമാറും. ടീമിലെ ഏക സ്പിന്നർ, ഇന്നുവരെ ലോക ക്രിക്കറ്റ്‌ കണ്ട ഏറ്റവും മികച്ച സ്പിന്നർ മുത്തയ്യ മുരളീധരൻ.

പക്ഷെ, നിർഭാഗ്യവശാൽ ആദ്യ മത്സരത്തിൽ ടസ്‌ക്കേഴ്സ് ആറ് വിക്കറ്റിന് പരാജയപ്പെട്ടു. ഓപ്പണർമാരായ ബ്രെണ്ടൻ മക്കല്ലം (45), വിവിഎസ് ലക്ഷ്മൻ (36) എന്നിവരുടെ കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ടസ്‌ക്കേഴ്സ് 20 ഓവറിൽ 161/5 എന്ന ടോട്ടൽ കണ്ടെത്തിയെങ്കിലും, എബി ഡിവില്ല്യേഴ്സിന്റെ (54*) അർദ്ധസെഞ്ച്വറിയുടെ മികവിൽ ആർസിബി 8 പന്ത് ശേഷിക്കേ ടസ്‌ക്കേഴ്സ് ഉയർത്തിയ വിജയലക്ഷ്യം മറികടന്നു.