റെക്കോർഡിൽ രോഹിത്തിനൊപ്പമെത്തി കോഹ്‌ലി ; നേട്ടം ടി20 ചരിത്രത്തിൽ ഒന്നാമനായി

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ ഈഡൻ ഗാർഡൻസിൽ നടന്ന രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 8 റൺസിന്റെ തകർപ്പൻ വിജയം. ഇതോടെ 3 ടി20 കൾ അടങ്ങിയ പരമ്പരയിൽ അപരാജിതരായ ഇന്ത്യ 2-0 ത്തിന്റെ ലീഡ് നേടി. മത്സരത്തിൽ ഇന്ത്യക്ക്‌ വേണ്ടി അർദ്ധസെഞ്ച്വറി നേടിയ റിഷഭ് പന്ത് (52*) കളിയിലെ താരമായി.

മത്സരത്തിൽ, ടോസ് ലഭിച്ച വെസ്റ്റ് ഇൻഡീസ്‌ ക്യാപ്റ്റൻ കിറോൺ പൊള്ളാർഡ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ നിരക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമ്മ (19), ഇഷാൻ കിഷൻ (2) എന്നിവരെ ഇന്ത്യക്ക് നഷ്ടമായെങ്കിലും, വിരാട് കോഹ്‌ലി (52) അർദ്ധ സെഞ്ച്വറി നേടി ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങി.

അർദ്ധ സെഞ്ച്വറി നേട്ടത്തോടെ ടി20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകൾ നേടിയ ബാറ്റർ എന്ന റെക്കോർഡിൽ വിരാട് കോഹ്‌ലി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പമെത്തി. 121 മത്സരങ്ങളിൽ നിന്ന് 4 സെഞ്ച്വറിയും 26 അർദ്ധസെഞ്ച്വറിയും ഉൾപ്പടെ രോഹിത് 30 50+ സ്കോറുകൾ നേടിയിട്ടുണ്ട്. കോഹ്‌ലി 97 മത്സരങ്ങളിൽ 50 അർദ്ധസെഞ്ച്വറി നേടിയിട്ടുണ്ട്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് അവസാന നിമിഷം വരെ പൊരുതിയെങ്കിലും വിജയം കണ്ടെത്താനായില്ല. നിക്കോളാസ് പൂരൻ (62), റോവ്മാൻ പവൽ (68*) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് കണ്ടെത്തി.