താനും കൂടി ഒരു ഫാസ്റ്റ് ബൗളർ ആയി ബൗൾ ചെയ്തിരുന്നെങ്കിൽ റോയൽസ് 40 റൺസിന് പുറത്താകുമായിരുന്നു……വീരവാദം ഉന്നയിച്ച് വിരാട് കോഹ്ലി

രാജസ്ഥാൻ റോയൽസിനെതിരായ കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബൗളർമാർ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 171 റൺസ് എടുത്തിരുന്നു. ജോസ് ബറ്റ്ലർ, സഞ്ജു സാംസൺ ഉൾപ്പെടെയുള്ള പ്രഗൽഭരായ ബാറ്റിംഗ് നിര ഉള്ളതിനാൽ തന്നെ, രാജസ്ഥാൻ റോയൽസ് ഈ വിജയലക്ഷ്യം അനായാസം മറികടക്കും എന്നാണ് അവരുടെ ആരാധകർ പ്രതീക്ഷിച്ചത്.

എന്നാൽ, പ്രതീക്ഷക്ക് വിപരീതമായി ഇന്നിങ്സിന്റെ ആദ്യ ഓവർ മുതൽ റോയൽസ് ബാറ്റിംഗ് നിര തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗംഭീര പ്രകടനം പുറത്തെടുത്ത റോയൽസ് ഓപ്പണർ യശാവി ജയിസ്വാൾ (0) ഇന്നിങ്സിന്റെ രണ്ടാം ബോളിൽ തന്നെ മടങ്ങിയതിന് പിന്നാലെ, തൊട്ടടുത്ത ഓവറിൽ ജോസ് ബറ്റ്ലറും (0) മടങ്ങിയതോടെ റോയൽസ് വലിയ അപകടം മുന്നിൽ കണ്ടു.

സഞ്ജു സാംസൺ (4), ദേവ്ദത് പടിക്കൽ (4), ജോ റൂട്ട് (10), ധ്രുവ് ജൂറൽ (1) എന്നിവരെല്ലാം അതിവേഗം മടങ്ങിയപ്പോൾ, ഷിംറോൻ ഹെറ്റ്മയർ മാത്രമാണ് അല്പനേരം പിടിച്ചുനിന്നത്. 19 പന്തിൽ ഒരു ഫോറും 4 സിക്സും സാഹിതം 35 റൺസ് ആണ് ഹെറ്റ്മയർ സ്കോർ ചെയ്തത്. മത്സരത്തിൽ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ വെയ്ൻ പാർണൽ 3 ഓവറുകളിൽ നിന്ന് 10 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ ബ്രേസ്വൽ, കരൺ ശർമ്മ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

അതേസമയം, മത്സരശേഷം ഡ്രസ്സിംഗ് റൂമിലെ വിജയാഹ്ലാദത്തിന്റെ ഭാഗമായി വിരാട് കോഹ്ലി തന്റെ സഹതാരങ്ങളോട് പറഞ്ഞ ഒരു വാചകം ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുകയാണ്. താനും കൂടി ഒരു ഫാസ്റ്റ് ബൗളർ ആയി ബൗൾ ചെയ്തിരുന്നെങ്കിൽ റോയൽസ് 40 റൺസിന് പുറത്താകുമായിരുന്നു എന്നാണ് കോഹ്ലി തന്റെ സഹതാരങ്ങളോട് പറഞ്ഞത്. ഇതിന്റെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് വൈറൽ ആയിരിക്കുകയാണ്.

Rate this post