ഇഷ്ടഭക്ഷണം കണ്ട് തുള്ളിച്ചാടി വിരാട് കോഹ്ലി!! വൈറൽ വീഡിയോയുടെ പിന്നിലെ കഥ!!
തന്റെ ചിട്ടയായ ജീവിതത്തിൽ ഭക്ഷണക്രമം വളരെയേറെ ശ്രദ്ധിക്കുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്ലി. മത്സ്യമാംസാദികൾ കഴിക്കാത്ത വിരാടിനെ പറ്റി മുൻപ് ഒരുപാട് പേർ സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇഷ്ട ഭക്ഷണം മുൻപിൽ എത്തുമ്പോൾ കോഹ്ലിയെ പോലെ ആവേശഭരിതനാകുന്ന മറ്റൊരു ക്രിക്കറ്ററില്ല. ഇതിനുള്ള ഏറ്റവും വലിയ തെളിവാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു രസകരമായ വീഡിയോ. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനിടെ അരങ്ങേറിയ ഒരു സംഭവമാണ് സോഷ്യൽ മീഡിയ കൈയ്യടക്കിയിരിക്കുന്നത്.
ഡ്രസ്സിംഗ് റൂമിന് മുൻപിൽ കോച്ച് രാഹുൽ ദ്രാവിഡുമായി സംസാരിച്ചിരിക്കുന്ന കോഹ്ലിയെയാണ് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വളരെ ഗൗരവകരമായ കാര്യങ്ങൾ ദ്രാവിഡുമായി സംസാരിച്ചു കൊണ്ടിരിക്കവേ, ഒരാൾ ആഹാരവുമായി കോഹ്ലിയുടെ അടുത്തേക്ക് നടന്നു. ശേഷം ആഹാരം കൊണ്ടുവന്നിട്ടുണ്ട് എന്നയാൾ കോഹ്ലിയെ ഓർമിപ്പിച്ചു. തന്റെ ഇഷ്ട ഭക്ഷണമായ “ചോള ബട്ടൂര” കണ്ട ശേഷമുള്ള കോഹ്ലിയുടെ റിയാക്ഷനാണ് വീഡിയോയിലെ ഹൃദയഭാഗം. ശേഷം ആഹാരം അകത്തേക്ക് വെക്കാൻ കോഹ്ലി പറയുന്നതും പ്രസ്തുത വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ഓസീസ് ആദ്യ ഇന്നിങ്സിൽ നേടിയ 263 റൺസ് പിന്തുടർന്ന ഇന്ത്യക്ക് കാൽവഴുതുന്നതായിരുന്നു രണ്ടാം ദിനം കാണാൻ സാധിച്ചത്. ഇന്ത്യയുടെ മുൻനിര ബാറ്റർമാരിൽ വിരാട് കോഹ്ലി മാത്രമാണ് രണ്ടാം ദിനം ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്. കോഹ്ലി 44 റൺസ് നേടുകയുണ്ടായി. എന്നാൽ വളരെ നിർഭാഗ്യകരമായ രീതിയിലായിരുന്നു കോഹ്ലി മത്സരത്തിൽ പുറത്തായത്.
എന്നാൽ ഇന്ത്യയുടെ ഓൾറൗണ്ടർമാർ മത്സരത്തിൽ മികവാർന്ന ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യ കരകയറുകയായിരുന്നു. മത്സരത്തിൽ 74 റൺസ് നേടിയ അക്ഷർ പട്ടേലാണ് ഇന്ത്യൻ ബാറ്റിംഗ് നട്ടെല്ലായത്. മൂന്നാം ദിവസം ഇന്ത്യയെ സംബന്ധിച്ചു വളരെ നിർണായകം തന്നെയാണ്.