ടെസ്റ്റ്‌ ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞ് കോഹ്ലി 😱ഞെട്ടലിൽ ക്രിക്കറ്റ്‌ ലോകം

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ പരമ്പരയിലെ പരാജയത്തിന് പിന്നാലെ ടെസ്റ്റ്‌ ക്യാപ്റ്റൻസി രാജിവെച്ച് വിരാട് കോഹ്‌ലി. ടി20 ഫോർമാറ്റിലെ ക്യാപ്റ്റൻ പദവി രാജിവെച്ചതിന് പിന്നാലെ, കോഹ്‌ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ബിസിസിഐ നീക്കുകയും ചെയ്തിരുന്നു. ഇതോടെ, എല്ലാ ഫോർമാറ്റിലെയും നായക പദവി ഒഴിഞ്ഞ കോഹ്‌ലി ഇനി ഇന്ത്യൻ ടീമിൽ ബാറ്റിംഗിൽ മാത്രം ശ്രദ്ധ പുലർത്തും.

7 വർഷം മുമ്പ് ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നുള്ള ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നാലെ, ടെസ്റ്റ്‌ ക്യാപ്റ്റൻ പദവി ഏറ്റെടുത്ത വിരാട് കോഹ്‌ലി, 68 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചപ്പോൾ, 40 വിജയം സ്വന്തമാക്കി. 11 മത്സരങ്ങൾ സമനിലയിൽ കലാശിച്ചപ്പോൾ, 17 മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. എന്നിരുന്നാലും, ഇന്ത്യയുടെ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനായിയാണ് വിരാട് കോഹ്‌ലി നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്.

കോഹ്‌ലി ട്വിറ്ററിൽ തന്റെ വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത് ഇങ്ങനെ: “7 വർഷത്തെ കഠിനാധ്വാനം, നിരന്തരമായ സ്ഥിരോത്സാഹം എന്നിവ ടീമിനെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകുന്നു. ഞാൻ പൂർണ്ണ സത്യസന്ധതയോടെ ജോലി ചെയ്തു, ഇനി അവിടെ ഒന്നും അവശേഷിപ്പിച്ചില്ല. എല്ലാ കാര്യങ്ങളും ഒരു ഘട്ടത്തിൽ നിർത്തണം, ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ എന്ന പദവി ഒഴിയാനുള്ള ശരിയായ സമയം ഇതാണ്. ഈ യാത്രയിൽ നിരവധി ഉയർച്ചകളും ചില താഴ്ചകളും ഉണ്ടായിട്ടുണ്ട്, പക്ഷേ ഒരിക്കലും പരിശ്രമത്തിന്റെ കുറവോ വിശ്വാസക്കുറവോ ഉണ്ടായിട്ടില്ല. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എന്റെ 120 ശതമാനം നൽകി എന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു.”

“ഇത്രയും കാലം എന്റെ രാജ്യത്തെ നയിക്കാൻ എനിക്ക് അവസരം നൽകിയതിന് ബിസിസിഐയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, അതിലും പ്രധാനമായി ടീമിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ആദ്യ ദിവസം മുതൽ അനുകമിച്ച്, ഒരു സാഹചര്യത്തിലും തളരാതെ എന്നോടൊപ്പം നിന്ന എല്ലാ ടീമംഗങ്ങൾക്കും നന്ദി. നിങ്ങൾ ഈ യാത്ര അവിസ്മരണീയവും മനോഹരവുമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഞങ്ങളെ തുടർച്ചയായി മുകളിലേക്ക് നയിച്ച ഈ വാഹനത്തിന് പിന്നിലെ എഞ്ചിനായിരുന്ന രവി ഭായിക്കും നന്ദി. ഈ കാഴ്ചപ്പാടിന് ജീവൻ നൽകുന്നതിൽ നിങ്ങൾ എല്ലാവരും വലിയ പങ്കുവഹിച്ചു. അവസാനമായി, ഒരു ക്യാപ്റ്റനെന്ന നിലയിൽ എന്നെ വിശ്വസിക്കുകയും ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിവുള്ള ഒരു വ്യക്തിയായി എന്നെ കണ്ടെത്തുകയും ചെയ്ത എംഎസ് ധോണിക്ക് വലിയ നന്ദി.”