ക്രിസ് ഗെയ്ൽ, ഡേവിഡ് വാർണർ, രോഹിത് ശർമ്മ എല്ലാവരും ഇനി കോഹ്‌ലിക്ക് പിറകിൽ ; പുതിയ റെക്കോർഡ് സൃഷ്ടിച്ച് വിരാട് കോഹ്‌ലി

ടി20 ലോകകപ്പിൽ നെതർലൻഡ്സിനെ 56 റൺസിന് ഇന്ത്യ പരാജയപ്പെടുത്തിയ മത്സരത്തിൽ അർദ്ധ സെഞ്ച്വറി പ്രകടനവുമായി വിരാട് കോഹ്‌ലി വീണ്ടും തിളങ്ങിയിരിക്കുകയാണ്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 82* റൺസ് നേടിയ കോഹ്‌ലി, ഇതോടെ ഈ ടി20 ലോകകപ്പിൽ ഇതിനോടകം 2 മത്സരങ്ങളിൽ നിന്ന് 138 റൺസ് ആണ് അടിച്ചുകൂട്ടിയിരിക്കുന്നത്. ഇതോടെ, വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയിലിന്റെ ഒരു റെക്കോർഡ് മറികടന്നിരിക്കുകയാണ് വിരാട് കോഹ്‌ലി.

നെതർലൻഡ്സിനെതിരായ മത്സരത്തിൽ 44 പന്തിൽ 3 ഫോറും 2 സിക്സും സഹിതം 140.91 സ്ട്രൈക്ക് റേറ്റോടെ 62* റൺസ് ആണ് കോഹ്‌ലി സ്കോർ ചെയ്തത്. ഇതോടെ, ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ്‌ നേടുന്ന രണ്ടാമത്തെ ബാറ്റർ ആയി മാറിയിരിക്കുകയാണ് വിരാട് കോഹ്ലി. വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തെ മറികടന്നാണ് കോഹ്‌ലി ഈ പട്ടികയിൽ രണ്ടാമനായിരിക്കുന്നത്.

2012 – 2022 കാലയളവിൽ ഇതുവരെ കളിച്ച 23 ടി20 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 979 റൺസ് ആണ് കോഹ്‌ലി സ്കോർ ചെയ്തിരിക്കുന്നത്. അതേസമയം, പട്ടികയിലെ ഒന്നാമനായ ശ്രീലങ്കൻ ഇതിഹാസം മഹേല ജയവേർധന, തന്റെ ടി20 ലോകകപ്പ് കരിയറിൽ 31 മത്സരങ്ങളിൽ നിന്ന് 1016 റൺസ് ആണ് സ്കോർ ചെയ്തിരിക്കുന്നത്. 33 മത്സരങ്ങളിൽ നിന്ന് 965 റൺസ് സ്കോർ ചെയ്ത ഗ്രിസ് ഗെയ്ൽ നിലവിൽ പട്ടികയിൽ മൂന്നാമനാണ്.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്‌ പട്ടികയിലെ നാലാമൻ. 35 കളികളിൽ നിന്ന് 906 റൺസ് ആണ് രോഹിത് ശർമ്മ ഇതുവരെ ടി20 ലോകകപ്പിൽ സ്കോർ ചെയ്തിട്ടുള്ളത്. തിലകരത്ന ദിൽഷൻ (897), ഡേവിഡ് വാർണർ (778), എബി ഡിവില്ല്യേഴ്സ്‌ (717), ശാക്കിബ് അൽ ഹസ്സൻ (706) തുടങ്ങിയവരാണ് ഈ പട്ടികയിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ ഉള്ളത്. കോഹ്‌ലി ഇപ്പോൾ തുടരുന്ന ഫോം ഈ ടൂർണമെന്റിലുടനീളം തുടർന്നാൽ, തീർച്ചയായും അദ്ദേഹത്തിന് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കും.