ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനിടയ്ക്ക് മൈതാനത്ത് വിരാട് കോഹ്ലിയുടെ ഡാൻസ് സ്റ്റെപ്പുകൾ. സാഹചര്യം തണുപ്പിക്കുന്നതിനായി വിരാട് മൈതാനത്ത് നടത്തിയ ഡാൻസ് രംഗങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഇന്ത്യയ്ക്ക് ഒരുപാട് അബദ്ധങ്ങൾ സംഭവിച്ച ദിവസമായിരുന്നു മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം. മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിനിടെ പലതവണ തെറ്റായ തീരുമാനത്തിലൂടെ ഇന്ത്യ റിവ്യൂ നഷ്ടപ്പെടുത്തുകയുണ്ടായി. എന്നാൽ റിവ്യൂ എടുക്കേണ്ട സാഹചര്യത്തിൽ ഇന്ത്യ അതിന് മുതിർന്നതുമില്ല. ഈ സാഹചര്യത്തിൽ സന്ദർഭം തണുപ്പിക്കുന്നതിനായിയാണ് കോഹ്ലി ഈ അംഗവിക്ഷേപങ്ങൾ നടത്തിയത്.
കെ എസ് ഭരതിന്റെ വലതുവശത്തായി സ്ലിപ്പിൽ നിൽക്കവേയാണ് കോഹ്ലി തന്റെ ചുവടുകൾ വച്ചത്. ഗ്യാലറിയിൽ ഉണ്ടായിരുന്ന ആരാധകരിൽ പൂർണ്ണമായും ഇത് ആവേശം വിതറി. എന്നാൽ കോഹ്ലിയുടെ മൈതാനത്തെ ഈ അംഗവിക്ഷേപങ്ങളെ വിമർശിക്കുന്നവരുമുണ്ട്. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ ഇന്ത്യ വിക്കറ്റിനായി അങ്ങേയറ്റം ശ്രമിക്കുമ്പോൾ ഒരു മുൻ നായകൻ ഇത്രമാത്രം പക്വതയില്ലാത്ത തരത്തിൽ പെരുമാറരുത് എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പലരും പറയുകയുണ്ടായി.

എന്നിരുന്നാലും നല്ലൊരു ശതമാനം ആളുകളും ഇതിനെ ഒരു തമാശയായി തന്നെയാണ് എടുത്തിട്ടുള്ളത് എന്ന് വ്യക്തമാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ മോശം ദിനം തന്നെയായിരുന്നു കഴിഞ്ഞത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഓസ്ട്രേലിയ സ്പിൻ ആക്രമണത്തിന് മുൻപിൽ പൂർണമായും തകർന്നുവീണു. മാത്യു കൂനെമാൻ നേതൃത്വം നൽകിയ ഓസ്ട്രേലിയൻ സ്പിൻ നിര പിച്ചിന്റെ സാഹചര്യങ്ങൾ അങ്ങേയറ്റം ഉപയോഗിക്കുകയായിരുന്നു. ഇന്ത്യൻ ഇന്നിങ്സിൽ 22 റൺസ് നേടിയ വിരാട് കോഹ്ലി മാത്രമാണ് അല്പസമയമെങ്കിലും ക്രീസിൽ പിടിച്ചുനിന്നത്.
ബാറ്റിംഗിൽ നിന്ന് ബോളിങ്ങിലേക്ക് എത്തിയപ്പോഴും ഇന്ത്യ പതറുകയാണ് ഉണ്ടായത്. ഓസിസ് പ്രതിരോധത്തിന് മുൻപിൽ ജഡേജ ഒഴികെയുള്ള ഇന്ത്യൻ സ്പിന്നർമാർക്ക് ഉത്തരമില്ലാതെ പോയി. നിലവിൽ 6 വിക്കറ്റുകൾ അവശേഷിക്കേ 47 റൺസിന്റെ ലീഡ് ഓസ്ട്രേലിയ നേടിയിട്ടുണ്ട്.