കോഹ്ലി സച്ചിന്റെ റെക്കോർഡ് തകർക്കും :പ്രവചിച്ച് മുൻ കോച്ച്

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ അവസാനിച്ച ശ്രീലങ്കക്കെതിരെ നടന്ന ടെസ്റ്റ്‌ മത്സരത്തോടെ ഇന്ത്യൻ ടെസ്റ്റ്‌ കുപ്പായത്തിൽ 100 ടെസ്റ്റ്‌ മത്സരങ്ങൾ എന്ന നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്ത്യൻ കുപ്പായത്തിൽ മികച്ച കരിയർ കെട്ടിപ്പടുത്ത കോഹ്‌ലി, നിലവിൽ കളിയുടെ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയുടെ ഐക്കൺ ബാറ്ററാണ്. കഴിഞ്ഞ പതിറ്റാണ്ടിലെ പ്രകടനത്തോടെ ഇന്ത്യയുടെ റൺ മെഷീൻ എന്ന് പേരെടുത്ത കൊഹ്‌ലി, 100 ​​ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കുന്ന 12-ാമത്തെ ഇന്ത്യൻ താരമാണ്.

ഇതുവരെയുള്ള തന്റെ മിന്നുന്ന കരിയറിൽ, ഒരു കാലത്ത് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ പേരിലുണ്ടായിരുന്ന നിരവധി റെക്കോർഡുകളാണ് കൊഹ്‌ലി തകർത്തത്. 100 ​​ടെസ്റ്റ് മത്സരങ്ങൾ താരങ്ങളുടെ എലൈറ്റ് പട്ടികയിൽ ഇടം നേടിയ കോഹ്‌ലി, ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെൻടുൽക്കറുടെ പേരിലുള്ള ഒരു വമ്പൻ റെക്കോർഡ് കൂടി തകർക്കുമെന്നാണ് മുൻ ഇന്ത്യൻ ഹെഡ് കോച്ച് അൻഷുമാൻ ഗെയ്‌ക്‌വാദ് കരുതുന്നത്.

മുൻ ഇന്ത്യൻ നായകൻ 10 വർഷം കൂടി ഇന്ത്യയെ സേവിക്കാൻ യോഗ്യനാണെന്നാണ് ഗെയ്‌ക്‌വാദ് കരുതുന്നത്. 2011-ൽ വെസ്റ്റ് ഇൻഡീസിനെതിരെ സബീന പാർക്കിലാണ് നിലവിലെ ഐസിസി ടെസ്റ്റ്‌ ബാറ്റ്സമാന്മാരുടെ പട്ടികയിൽ അഞ്ചാമനായ കോഹ്‌ലി ടെസ്റ്റ്‌ അരങ്ങേറ്റം കുറിച്ചത്. തുടർന്ന്, 2014-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഡ്‌ലെയ്ഡിലാണ് ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയിൽ കോഹ്‌ലി തന്റെ ആദ്യ ടെസ്റ്റ് കളിച്ചത്. ദൈർഘ്യമേറിയ ക്രിക്കറ്റ്‌ ഫോർമാറ്റിൽ 200 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കിയ ഏക താരമാണ് ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ. ഈ റെക്കോർഡ് കോഹ്‌ലി മറികടക്കും എന്നാണ് ഇന്ത്യയുടെ മുൻ മുഖ്യപരിശീലകൻ കരുതുന്നത്.

“100 ടെസ്റ്റ് മത്സരങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും അദ്ദേഹത്തിന് മികച്ച ഫോമിൽ തുടരാനാവുന്നത് വലിയ നേട്ടമാണ്. ഇനിയുള്ള മത്സരങ്ങളിൽ 100 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച് നേടിയ അനുഭവമാണ് വലിയ വ്യത്യാസം. അവൻ ഫിറ്റായിരിക്കുന്നിടത്തോളം ആർക്കും അവനെ തൊടാൻ കഴിയില്ല. അവന്റെ ഫിറ്റ്‌നസിനെ കുറിച്ച് വളരെ ബോധമുള്ളതിനാൽ,അവൻ 200 ടെസ്റ്റ്‌ മത്സരങ്ങൾ കളിച്ചാലും ഞാൻ അത്ഭുതപ്പെടില്ല. ഇപ്പോൾ ടെസ്റ്റ്‌ മത്സരങ്ങളുടെ എണ്ണം വളരെ കൂടുതലാണ്, 200 ടെസ്റ്റ്‌ മത്സരങ്ങൾ പൂർത്തിയാക്കുക എന്നത് ഒരു ഏഴോ എട്ടോ വർഷം കൊണ്ട് നേടാവുന്നതാണ്. അവൻ ഫിറ്റ്നസ് നിലനിർത്തുമെങ്കിൽ അടുത്ത 10 വർഷം അവൻ ഇന്ത്യൻ ടീമിൽ കളിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഗെയ്ക്‌വാദ് പറഞ്ഞു.