1980-കളിലെ വെസ്റ്റ് ഇൻഡീസ് പേസ് ആ ക്രമണം വിരാട് കോഹ്‌ലിക്ക് മുന്നിൽ ഒന്നുമല്ല ; മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ

ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം അത്രത്തോളം പ്രതിഭയുള്ള ഒരു ബാറ്ററെ കണ്ടെത്തിയത് വിരാട് കോഹ്‌ലിയിലൂടെയാണ്‌. അതുകൊണ്ടുതന്നെ, കോഹ്‌ലിയെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ സച്ചിൻ ടെണ്ടുൽക്കറുമായി ഉപമിക്കാനും താരതമ്യം ചെയ്യാനും ആരംഭിച്ചു. കോഹ്‌ലി സച്ചിന്റെ നിരവധി റെക്കോർഡുകൾ മറികടക്കും എന്നും ആരാധകർ പ്രതീക്ഷിക്കുന്നു. അതേസമയം കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല എന്ന അഭിപ്രായക്കാരും ഉണ്ട്.

സച്ചിന്റെ കാലഘട്ടത്തിലെ പേസ് ബൗളർമാർ ഇന്നത്തേക്കാൾ മികച്ചതായിരുന്നു എന്നും, സച്ചിന്റെ കരിയറിന്റെ നല്ലൊരു കാലവും ബൗളർമാർക്ക് ഫേവർ ആയിട്ടുള്ള ക്രിക്കറ്റ് നിയമങ്ങൾ ഉണ്ടായിരുന്നു എന്നും കോഹ്‌ലിയെ സച്ചിനുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല എന്ന അഭിപ്രായക്കാരുടെ വാദങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ, ഈ വാദങ്ങളെ തള്ളിക്കളയുകയാണ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ കിം ഹ്യൂസ്‌.

കോഹ്‌ലി വളരെ സാങ്കേതിക മികവുള്ള ബാറ്റർ ആണെന്നും, അദ്ദേഹത്തിന് 1970-കളിലേയും 80-കളിലേയുമെല്ലാം പേസ് ബൗളർമാരെ നേരിടാനുള്ള കഴിവുണ്ടെന്നും മുൻ ഓസിസ് ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു. “കോഹ്‌ലി വളരെ സാങ്കേതിക മികവുള്ള ബാറ്റർ ആണ്. അവന് 70-80 കളിലെ വെസ്റ്റ് ഇൻഡീസ് പേസർമാരെയും നേരിടാനുള്ള കഴിവുണ്ട്. അവൻ അവന്റെ സാങ്കേതിക മികവുകൊണ്ട് ഉയരങ്ങൾ കീഴടക്കുന്നു,” കിം ഹ്യൂസ്‌ പറയുന്നു. അതേസമയം, കോഹ്‌ലി വിവിയൻ റിച്ചാർഡ്സിനെ പോലുള്ള ഒരു ബാറ്റർ അല്ല എന്ന് ഓസ്ട്രേലിയൻ ഇതിഹാസം പറഞ്ഞു.

“കോഹ്‌ലി വിവിയൻ റിച്ചാർഡ്സിനെ പോലെയല്ല, അവൻ വേറൊരു തരത്തിലുള്ള കളിക്കാരനാണ്. ഗ്രേഗ് ചാപ്പൽ, അലൻ ബോർഡർ, ജാവേദ് മിയാൻദാദ് എന്നിവരുടെ കൂടെ പരിഗണിക്കാവുന്ന ബാറ്റർ ആണ് വിരാട് കോഹ്‌ലി,” കിം ഹ്യൂസ്‌ പറഞ്ഞു. ടി20 ലോകകപ്പിൽ മികച്ച പ്രകടനം തുടരുകയാണ് വിരാട് കോഹ്‌ലി. തന്റെ ക്യാപ്റ്റൻസി കാലഘട്ടത്തിൽ കോഹ്ലിക്ക് ഒരു ഐസിസി കിരീടം പോലും നേടാൻ ആയിരുന്നില്ല. എന്നാൽ, ഓസ്ട്രേലിയയിൽ പുരോഗമിക്കുന്ന 2022 ടി20 ലോകകപ്പ് തന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യയിൽ എത്തിക്കാനുള്ള ലക്ഷ്യത്തിലാണ് കോഹ്ലി.