കോഹ്ലിയുടെ നിർദ്ദേശം അതേപടി അനുസരിച്ച് അശ്വിൻ; ഒടുവിൽ സംഭവിച്ചത് വീഡിയോ കാണാം
ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ വമ്പൻ വിജയം ഇന്ത്യയ്ക്ക് സമ്മാനിച്ചത്, ഇന്ത്യയുടെ സ്പിൻ സഖ്യം രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും ചേർന്നാണ്. ഒന്നാം ഇന്നിങ്സിൽ ജഡേജ 5 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, അശ്വിൻ 3 വിക്കറ്റുകൾ ആണ് നേടിയത്. എന്നാൽ, രണ്ടാം ഇന്നിങ്സിൽ അശ്വിൻ അഞ്ച് വിക്കറ്റുകളും, ജഡേജ രണ്ട് വിക്കറ്റുകളും നേടി. മത്സരത്തിന്റെ നാലാം ദിനം ആദ്യ സെഷനിൽ, അശ്വിൻ പുറത്തെടുത്ത പ്രകടനം ഓസ്ട്രേലിയൻ സംഘത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു.
രണ്ടാം ഇന്നിങ്സിന്റെ രണ്ടാം ഓവർ എറിയാൻ എത്തിയ അശ്വിൻ, ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജയുടെ വിക്കറ്റ് വീഴ്ത്തിയാണ് തന്റെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 5 റൺസ് എടുത്ത ഖവാജയെ അശ്വിൻ കോഹ്ലിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. അശ്വിന്റെ മറ്റ് നാല് വിക്കറ്റുകളും എൽബിഡബ്ല്യു വിക്കറ്റുകൾ ആയിരുന്നു. ഡേവിസ് വർണർ (10), മാറ്റ് റെൻഷൊ (2), പീറ്റർ ഹാൻഡ്സ്കോമ്പ് (6), അലക്സ് കാരെ (10) എന്നിവരുടെ വിക്കറ്റുകൾ ആണ് അശ്വിൻ വീഴ്ത്തിയത്.

ഇതിൽ ഓസ്ട്രേലിയൻ ബാറ്റർ അലക്സ് കാരെയുടെ വിക്കറ്റ് അശ്വിൻ വീഴ്ത്തിയത് ശ്രദ്ധേയമായി. ഇന്നിങ്സിന്റെ 20-ാം ഓവറിലെ രണ്ടാമത്തെ ബോൾ ചെയ്യുന്നതിന് മുന്നേ, സ്റ്റമ്പിന് പിറകിലായി ഫീൽഡ് ചെയ്തിരുന്ന വിരാട് കോഹ്ലി അശ്വിനോട് ഒരു കാരം ബോൾ എറിയാൻ ആക്ഷൻ കാണിച്ചു. കോഹ്ലിയുടെ നിർദ്ദേശം അതേപടി പ്രാവർത്തികമാക്കിയ അശ്വിൻ, മിഡിൽ സ്റ്റംപ് ലക്ഷ്യമാക്കി ഒരു ഫുൾ ലെങ്ത് കാരം ബോൾ എറിഞ്ഞു.
അശ്വിന്റെ ബോൾ റിവേഴ്‌സ് സ്വീപിന് ശ്രമിച്ച അലക്സ് കാരെക്ക് പിഴച്ചതോടെ, അദ്ദേഹം വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തേക്ക് നടന്നു. ഓസ്ട്രേലിയൻ ബാറ്റർമാർ പൊതുവേ ഡിഫൻസ് ചെയ്ത് കളിക്കുന്നതിൽ അത്ര മികച്ചവരല്ല. ഇത് മുതലെടുത്തുകൊണ്ട്, അശ്വിൻ ഓസ്ട്രേലിയൻ താരങ്ങളെ ആക്രമിച്ചു കളിക്കാൻ വളരെയധികം പ്രചോദിപ്പിച്ചും തന്റെ സ്കില്ലു കൊണ്ടും ആണ് വിക്കറ്റുകൾ എറിഞ്ഞിട്ടത്.