കോഹ്ലിക്ക്‌ ഫോം വരാൻ ഒരൊറ്റ വഴി മാത്രം!!! ഉപദേശം നൽകി മുൻ സെലക്ട്ർ

കഴിഞ്ഞ കുറച്ച് കാലമായി മോശം ഫോമിലൂടെ കടന്നുപോകുന്ന സീനിയർ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലിയെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ സെലക്ടർ സരൺദീപ് സിംഗ്. ഇന്ത്യയ്ക്ക് ഒറ്റയാൾ പ്രകടനത്തിലൂടെ ലോകകപ്പ് നേടിത്തരാൻ കഴിവുള്ള താരമാണ് കോഹ്‌ലിയെന്നും ടൈംസ് നൗവിനോട് സംസാരിക്കവെ സരൺദീപ് സിംഗ് പറഞ്ഞു. കോഹ്ലിയെ ടി20 സ്ക്വാഡിൽ നിന്ന് പുറത്താക്കണമെന്ന് മുൻ ഇന്ത്യൻ താരങ്ങൾ അടക്കം മുറവിളി കൂട്ടുന്ന സാഹചര്യത്തിലാണ് സരൺദീപ് സിംഗിന്റെ പ്രതികരണം.

“അദ്ദേഹത്തിന്റെ (കോഹ്‌ലി) ബാറ്റിംഗ് എവിടെയാണ് പിഴച്ചതെന്ന് മനസിലാക്കാൻ സെലക്ടർമാർ എന്താണ് ചെയ്യുന്നത്? അയാളെ ഉപേക്ഷിക്കാൻ പാടില്ല. അയാളുടെ കഴിവുകൾ എല്ലാവർക്കും അറിയാം. അദ്ദേഹത്തിന്റെ ഒറ്റയാൾ പ്രകടനത്തിന്റെ പിൻബലത്തിൽ നിങ്ങൾക്ക് ലോകകപ്പ് നേടാനാകും,” ടൈംസ് നൗവിലെ കരിഷ്മ സിംഗിനോട് സരൺദീപ് സിംഗ് പറഞ്ഞു. അതേസമയം, തുടർച്ചയായി ക്രിക്കറ്റ് കളിച്ചാൽ മാത്രമേ കോഹ്‌ലിക്ക് തന്റെ ഫോം വീണ്ടെടുക്കാൻ കഴിയൂ എന്നും, അതുകൊണ്ട് കോഹ്‌ലിക്ക് പരമ്പരകളിൽ വിശ്രമം നൽകേണ്ടതില്ല എന്നും സരൺദീപ് സിംഗ് പറഞ്ഞു.

“എന്തിനാണ് അദ്ദേഹത്തിന് വിശ്രമം നൽകുന്നത്? കളിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഈ യുക്തിരഹിതമായ രീതി എന്താണ്? അദ്ദേഹം ഒരു പരമ്പര കളിക്കുന്നു, തുടർന്ന് വിശ്രമിക്കുന്നു, തുടർന്ന് മറ്റൊരു പരമ്പര കളിക്കുന്നു. ആ പരമ്പരയിൽ മികച്ച പ്രകടനം നടത്തുന്നില്ലെങ്കിൽ അദ്ദേഹത്തെ കളിക്കാൻ പ്രേരിപ്പിക്കുക, ഫോമിലേക്ക് മടങ്ങിവരാനുള്ള ഒരേയൊരു മാർഗ്ഗമാണിത്,” സരൺദീപ് സിംഗ് കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടീമിൽ നിന്ന് രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കാനായാൽ വിരാട് കോഹ്‌ലിയേയും ഒഴിവാക്കാം എന്ന് നേരത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് പറഞ്ഞിരുന്നു. എന്നാൽ, കോഹ്ലിയുടെ ടീമിലെ ഭാവിയെ കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയോട് ചോദിച്ചപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‌ലിക്ക് പൂർണ്ണ പിന്തുണയാണ് നൽകിയത്. മാത്രമല്ല, പുറമേ നിന്നുള്ളവർ എന്ത് അടിസ്ഥാനത്തിലാണ് കോഹ്‌ലിയെ വിമർശിക്കുന്നത് എന്നും രോഹിത് ചോദിച്ചു.