ഫോമിലേക്ക് മടങ്ങിയെത്താൻ ഇനി ഒരു മാർഗമേ ഉള്ളൂ ; അതെന്തെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ നിലവിലെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് രസകരമായ ഒരു നിരീക്ഷണം നടത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആർപി സിംഗ്. കുറഞ്ഞ ഡെലിവറികൾ മാത്രം നേരിടുന്ന കൂടുതൽ ടി20 മത്സരങ്ങൾ കളിക്കുന്നതിനാൽ കോഹ്‌ലി തന്റെ തകർച്ചയിൽ നിന്ന് കരകയറാൻ കൂടുതൽ സമയമെടുക്കുന്നുവെന്നാണ് ആർപി സിംഗ് കണക്കാക്കുന്നത്.

മുൻ ഇന്ത്യൻ നായകൻ ഇപ്പോൾ തന്റെ കരിയറിൽ ഒരു മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ, ഐപിഎൽ 2022 അവസാനത്തോടെ കുറച്ച് മികച്ച സ്കോറുകൾ നേടാൻ കോഹ്ലിക്ക് കഴിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ഫോമിൽ പുരോഗതി ഉണ്ടായതായി തോന്നുന്നു. ഇതോടെ വരുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ കോഹ്‌ലിക്ക് തിളങ്ങാനാകും എന്ന് തന്നെയാണ് കോഹ്‌ലി ആരാധകർ പ്രതീക്ഷിക്കുന്നത്.

“അദ്ദേഹത്തിന്റെ (കോഹ്‌ലി) സമയം മോശമാണ്. അദ്ദേഹം പുറത്തെടുക്കുന്ന രീതിയും വിചിത്രമാണ്. വിരാടിനെ നമ്മൾ ഇങ്ങനെ കണ്ടിട്ടില്ല. ഇത് വളരെ അദ്ദേഹത്തിന്റെ കരിയറിലെ വളരെ മോശം പാച്ചാണ്. മോശം ഫോമിലേക്ക് എത്താൻ അദ്ദേഹം ഒരുപാട് സമയമെടുത്തു, അതിനാൽ അതിൽ നിന്ന് പുറത്തുവരാനും തുല്യ സമയമെടുക്കും. ഏകദിനങ്ങളിലും ടെസ്റ്റുകളിലും ബാറ്റർമാർക്ക് കൂടുതൽ പന്തുകൾ വിനിയോഗിക്കുകയും പതുക്കെ ഫോമിലേക്ക് മടങ്ങുകയും ചെയ്യാം. ടി20യിൽ നിങ്ങൾക്ക് ആ സ്വാതന്ത്ര്യമില്ല,” ആർപി സിംഗ് ഇന്ത്യ ടിവിയോട് പറഞ്ഞു.

“ഫോമിലെത്തണമെങ്കിൽ 50-55 പന്തിൽ 60 റൺസ് നേടി തുടങ്ങാം. ആദ്യം തന്നെ 55 പന്തിൽ 100 ​​റൺസ് നേടുമെന്ന് പ്രതീക്ഷിക്കാനാവില്ല. നിങ്ങൾ (കോഹ്‌ലി) കൂടുതൽ സമയം ക്രീസിൽ ചെലവഴിക്കുകയും സിംഗിൾസും ഡബിൾസും എടുക്കുകയും വേണം. ‘ഞാൻ ഒരിക്കൽ ബാറ്റുകൊണ്ട് ആധിപത്യം പുലർത്തിയിരുന്നു, എന്നാൽ ഇപ്പോൾ പന്ത് ബാറ്റിൽ തൊടുമ്പോഴെല്ലാം പുറത്താകുന്നൊ’ എന്ന് വിരാട് സ്വയം അത്ഭുതപ്പെടുന്നുണ്ടാകണം. അദ്ദേഹം തിരിച്ചുവരവിനായി ശരിയായ രീതിയാണ് സ്വീകരിച്ചത്, പക്ഷേ തിരഞ്ഞെടുത്ത ഫോർമാറ്റ് തെറ്റാണ്,” ആർപി സിംഗ് കൂട്ടിച്ചേർത്തു.