കയ്യടികൾ നൽകി കോഹ്ലിയെ സ്വീകരിച്ച് കാണികൾ :ആവേശത്തോടെ ഇന്ത്യൻ ക്യാമ്പ്

ശ്രീലങ്കക്ക് എതിരായ മോഹാലി ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ ലഭിച്ചത് ഭേദപ്പെട്ട തുടക്കം. ടെസ്റ്റ്‌ ക്യാപ്റ്റൻ റോളിൽ ആദ്യത്തെ മത്സരത്തിനായി എത്തിയ രോഹിത് ശർമ്മക്ക് പക്ഷേ തന്റെ പതിവ് മികവിലേക്ക് എത്താൻ കഴിഞ്ഞില്ല.ഒന്നാം വിക്കറ്റിൽ അതിവേഗം അർദ്ധ സെഞ്ച്വറി കൂട്ടുക്കെട്ട് അടിച്ച രോഹിത് :മായങ്ക് സഖ്യം ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചുവെങ്കിലും 28 ബോളിൽ നിന്നും 6 ഫോർ അടക്കം 29 റൺസ്‌ അടിച്ചാണ് രോഹിത് ശർമ്മ പുറത്തായത്

ശേഷം മൂന്നാം നമ്പറിൽ എത്തിയ ഹനുമാ വിഹാരി ഇന്ത്യൻ ഇന്നിങ്സിൽ നെടുത്തൂണായി മാറി. മായങ്ക് 33 റൺസ്‌ നേടി വിക്കറ്റിന് മുന്നിൽ കുരുങ്ങിയതോടെയാണ് ഇന്ത്യൻ ടീം ഒരുവേള സമ്മർദ്ദത്തിലായത്. എന്നാൽ തന്റെ നൂറാം ടെസ്റ്റ്‌ മത്സരം കളിക്കുന്ന വിരാട് കോഹ്ലി സ്കോറിങ് വേഗം ഉയർത്തി.ടെസ്റ്റ്‌ ക്രിക്കറ്റിൽ നൂറ്‌ മത്സരങ്ങൾ എന്നുള്ള നേട്ടത്തിലേക്ക് എത്തുന്ന പന്ത്രണ്ടാം ഇന്ത്യൻ താരമായി മാറിയ വിരാട് കോഹ്ലിക്ക് മത്സരത്തിന് മുൻപായി ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷൻ ഒരു സ്പെഷ്യൽ ക്യാപ്പ് സമ്മാനമായി നൽകി.

ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിൽ നിന്നും നൂറാം ടെസ്റ്റിനുള്ള ക്യാപ്പ് ഏറ്റുവാങ്ങിയ കോഹ്ലി വൈകാരികമായി എല്ലാവരോടും നന്ദി പറഞ്ഞു. അതേസമയം മായങ്ക് അഗർവാളിന്റെ വിക്കറ്റിന് പിന്നാലെ ക്രീസിലേക്ക് എത്തിയ വിരാട് കോഹ്ലിക്ക് കാണികളും ടീം അംഗങ്ങളും ചേർന്ന് നൽകിയത് ഗംഭീര തുടക്കം.ക്രീസിലേക്ക് ഓടി എത്തിയ വിരാട് കോഹ്ലിക്കായി കാണികൾ അടക്കം ആർപ്പുവിളിച്ചു

എന്നാൽ വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റ്‌ മത്സരം കാണുവാൻ വേണ്ടി താരത്തിന്റെ കുടുംബവും സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നു. വിരാട് കോഹ്ലിയുടെ സഹോദരനും, ബാല്യകാല കോച്ചും എല്ലാം മത്സരം കാണുവാൻ ഇന്ന് ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്‌ അടക്കം കോഹ്ലിക്കായി കയ്യടിക്കുന്നത് മനോഹര കാഴ്ചയായി.