കോഹ്ലിയെ കെട്ടിപിടിച്ച് ബാറ്റിങ് കോച്ച് 😱കലിപ്പ് മാറാതെ താരം!! നാടകീയ രംഗങ്ങൾ ഇപ്രകാരം

ഐപിഎൽ 2022-ലെ പുരോഗമിക്കുന്ന 54-ാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 193 റൺസ് വിജയലക്ഷ്യമുയർത്തി. പ്ലേ ഓഫ് സാധ്യതകളിൽ മുന്നിൽ നിൽക്കാൻ ഇരു ടീമുകൾക്കും നിർണായകമായ മത്സരത്തിൽ, ടോസ് നേടിയ ആർസിബി ആദ്യം ബാറ്റിംഗിനറങ്ങുകയായിരുന്നു. എന്നാൽ, ആരാധകരെ നിരാശരാക്കിയ തുടക്കമാണ് ആർസിബിക്ക് ലഭിച്ചത്.

ഇന്നിംഗ്സിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണിംഗ് ബാറ്റർ വിരാട് കോഹ്‌ലിയുടെ പുറത്താകലോടെയാണ് ആർസിബി ഇന്നിംഗ്സിന് തുടക്കമായത്. സ്പിന്നർ ജഗദീശ സുചിത്തിന്റെ സ്റ്റോക്ക് ബോൾ ഫ്രന്റ്‌ ഫുട്ട് ഫ്ലിക്കിന് ശ്രമിച്ച കോഹ്ലിക്ക് ടൈം പിഴച്ചതോടെ മിഡ്‌ വിക്കറ്റിൽ എസ്ആർഎച്ച് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ക്യാച്ച് എടുക്കുകയായിരുന്നു. ഇതോടെ, ഈ സീസണിൽ ഇത്‌ മൂന്നാം തവണയാണ് കോഹ്‌ലി ഗോൾഡൻ ഡക്കിന് പുറത്താവുന്നത്.

ടൂർണമെന്റിൽ ഫോം കണ്ടെത്താൻ പാടുപെടുന്ന കോഹ്‌ലിക്ക് ഇന്നത്തെ പുറത്താകൽ വലിയ നിരാശ സമ്മാനിച്ചു. ഇത്‌ പവലിയനിലേക്ക് മടങ്ങുന്ന കോഹ്‌ലിയുടെ മുഖത്ത് പ്രകടമായിരുന്നു. ഡഗ്ഔട്ടിൽ എത്തിയതിന് പിന്നാലെ മുഖ്യ പരിശീലകൻ സഞ്ജയ് ബംഗാർ വിരാട് കോഹ്‌ലിയെയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നത് ടിവി സ്‌ക്രീനിൽ കാണാമായിരുന്നു. ഇതുവരെ 12 മത്സരങ്ങളിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി മാത്രം നേടിയ മുൻ ആർസിബി ക്യാപ്റ്റൻ, 12 ഇന്നിംഗ്‌സുകളിൽ നിന്ന് 19.63 ശരാശരിയിലും 111.34 സ്‌ട്രൈക്ക് റേറ്റിലും 219 റൺസാണ് ഇതുവരെ നേടിയത്.

മത്സരത്തിലേക്ക് വന്നാൽ, ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലിസിസ് (50 പന്തിൽ 73) പുറത്താകാതെ നേടിയ അർദ്ധ സെഞ്ച്വറി പ്രകടനമാണ് ആർസിബിക്ക് കരുത്തായത്. കൂടാതെ, രജത് പട്ടിദർ (48), ഗ്ലെൻ മാക്സ്വെൽ (33), ദിനേശ് കാർത്തിക് (8 പന്തിൽ 30) മികച്ച പ്രകടനം കാഴ്ചവെച്ചു.