നിങ്ങൾക്ക് ഞാൻ ഒരുപദേശം തരാം, അയാളെ നിങ്ങൾ ഭയക്കണം; ഡാനിഷ് കനേറിയ പറഞ്ഞത് കേട്ടോ

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയെ ഇപ്പോഴത്തെ മോശം ഫോമിന്റെ പേരിൽ ഒരിക്കലും വിലകുറച്ചു കാണരുതെന്ന് പാക്കിസ്ഥാൻ താരങ്ങളോട് അഭ്യർഥിച്ച് അവരുടെ മുൻ സ്പിന്നർ ഡാനിഷ് കനെറിയ. കോഹ്‌ലി പൂർവാധികം ശക്തിയോടെ ഫോമിലേക്ക് തിരിച്ചുവരുമെന്നും വിമർശകരുടെ വായടപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റ് 28ന്‌ ഏഷ്യ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇരു ടീമുകളും തങ്ങളുടെ ഒന്നാം നമ്പർ പേസർ ഇല്ലാതെയാണ് ഏഷ്യ കപ്പ് ടൂർണമെന്റ് കളിക്കുന്നത്. കാൽമുട്ടിനു ഏറ്റ പരുക്കാണ് പാക്ക് താരം ഷഹീൻ ഷാ അഫ്രീദിയെ മത്സരിക്കുന്നതിൽ നിന്നും തടഞ്ഞത്. ഇന്ത്യൻ സൂപ്പർ താരം ജസ്‌പ്രീത് ബൂമ്രക്കാകട്ടെ ബാക്ക് ഇഞ്ചുറിയും. ഒക്ടോബർ മാസത്തിൽ ഓസ്ട്രേലിയയിൽവെച്ച് നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിന്‌ മുൻപ് ഇരുവരും കായികക്ഷമത വീണ്ടെടുക്കും എന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റുകൾ.

ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നതിനുപുറമെ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ സമീപകാലത്തെ മോശം ഫോമിലാണ് എല്ലാവരുടെയും ശ്രദ്ധ. അദ്ദേഹത്തിന് ഈ വരുന്ന ഏഷ്യ കപ്പ് വളരെ പ്രധാനപ്പെട്ടതാണ്, ഇതിൽ ഒരുപാട് റൺസ് നേടിയേ മതിയാവൂ. ഇനിയും ബാറ്റിങ്ങിൽ പരാജയപ്പെടുന്നത് അംഗീകരിക്കാനാവില്ല, കാരണം ഒരുപിടി യുവതാരങ്ങൾ തങ്ങളുടെ അവസരത്തിനായി കാത്തിരിക്കുന്നു, അവരെ ഒരുപാട് നാൾ പുറത്തുനിർത്താൻ സാധ്യമല്ല. അതുകൊണ്ട് കോഹ്‌ലി ഫോം കണ്ടെത്തി വിമർശകരുടെ വായടപ്പിക്കാനുള്ള സമയം സമാഗതമായിരിക്കുന്നുവെന്നും കനേറിയ പറയുന്നു.

മുൻ ഇന്ത്യൻ നായകനായ കോഹ്‌ലി ഏതുനിമിഷവും തന്റെ പഴയ ഫോം വീണ്ടെടുക്കാമെന്നും പാക്ക് താരങ്ങൾ ഒന്നു കരുതിയിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കോഹ്‌ലിയെ നന്നായി കളിക്കാൻ അനുവദിക്കാതിരിക്കുകയാണ് പാക്കിസ്ഥാൻ ചെയ്യേണ്ടത്. തന്റെ പഴയ മിന്നും ഫോം അദ്ദേഹം കണ്ടെത്തിയാൽ പിന്നെ ഒരിക്കലും അദ്ദേഹത്തെ പിടിച്ചുകെട്ടാൻ സാധിക്കുകയില്ലെന്നും കനേറിയ തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി.

Rate this post