രോഹിത് ശർമ്മയുടെ ടീമിൽ അടിമുടി പ്രശ്നങ്ങൾ 😱മുന്നറിയിപ്പ് നൽകി കോഹ്ലി ബാല്യകാല കോച്ച്

ഏറ്റവും ഒടുവിൽ അവസാനിച്ച വിൻഡീസിനെതിരെ നടന്ന ഏകദിന, ടി20 പരമ്പരകൾ അപരാജിതരായി 3-0 ത്തിന് പരമ്പര സ്വന്തമാക്കിയ ഇന്ത്യ, നിലവിൽ ഐസിസി ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി, രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ മികച്ച കുതിപ്പാണ് നടത്തുന്നത്. എന്നാൽ, രോഹിത് പങ്കാളിയായിട്ടുള്ള ഓപ്പണിങ് സഘ്യം അത്ര മികച്ചതല്ല എന്ന അഭിപ്രായക്കാരനാണ് വിരാട് കോഹ്‌ലിയുടെ ബാല്യകാല പരിശീലകനായ രാജ്കുമാർ ശർമ്മ.

ഇന്ത്യൻ ടീം ഇപ്പോഴും ഒരു മികച്ച ഓപ്പണിങ് ജോഡി കണ്ടെത്തിയിട്ടില്ല എന്നും, രോഹിത് ശർമ്മയും അദ്ദേഹത്തിന്റെ ഓപ്പണിംഗ് പങ്കാളിയും പവർപ്ലേ ഓവറുകളിൽ കുറഞ്ഞത് 50 റൺസെങ്കിലും സ്കോർ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും രാജ്കുമാർ ശർമ്മ അഭിപ്രായപ്പെട്ടു. അതേസമയം, 2022 ഐസിസി ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യൻ ടീം ‘ഓപ്പണിംഗ്’ പ്രശ്നം പരിഹരിക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പും രാജ്കുമാർ ശർമ്മ നൽകി.

“ഓപ്പണിംഗ് ഇന്ത്യൻ ടീമിന് ഒരു ആശങ്കയാണ്. രോഹിതും അദ്ദേഹത്തോടൊപ്പം ഓപ്പൺ ചെയ്യുന്ന ആരായാലും, അത് കെഎൽ രാഹുലായാലും ഇഷാൻ കിഷനായാലും ശിഖർ ധവാനായാലും, ആറ് ഓവറിൽ കുറഞ്ഞത് 50 റൺസെങ്കിലും ടീം സ്കോർ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പവർപ്ലേ ഓവറുകളിൽ റൺസ് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, ഇന്ത്യൻ ടീമിന്റെ ലോകകപ്പ് തയ്യാറെടുപ്പുകൾ പൂർത്തിയാകില്ല. അതുകൊണ്ട്, ലോകകപ്പിന് മുന്നേ ഇന്ത്യ ഈ പ്രശനം പരിഹരിക്കേണ്ടതുണ്ട്,” ഖേൽനീതി പോഡ്‌കാസ്റ്റിൽ രാജ്കുമാർ ശർമ്മ പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ ഗംഭീര പ്രകടനത്തിന് സൂര്യകുമാർ യാദവിനെയും വെങ്കിടേഷ് അയ്യരെയും അഭിനന്ദിച്ച ശർമ്മ, ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുന്നത് ഇന്ത്യയുടെ ഫിനിഷിംഗ് ഡിപ്പാർട്ട്‌മെന്റിനെ കൂടുതൽ ശക്തമാക്കുമെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ, ഹർഷൽ പട്ടേലിന്റെ പ്രകടനത്തിൽ മതിപ്പുളവാക്കിയ 56 കാരനായ ശർമ്മ, നിലവിൽ ഡെത്ത് ഓവറിലെ ഏറ്റവും മികച്ച ഇന്ത്യൻ ബൗളർ ഹർഷൽ പട്ടേൽ ആണെന്നും പറഞ്ഞു.