ബുംറയുടെ ബൗളിംഗ് സ്റ്റൈൽ അനുകരിച്ച് വിരാട് കോഹ്‌ലി ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ക്യാപ്റ്റനായിരിക്കുമ്പോൾ ഒരു അഗ്രസീവ് ക്യാപ്റ്റൻ എന്നാണ് വിരാട് കോഹ്‌ലി അറിയപ്പെട്ടിരുന്നത്, ഇപ്പോഴും കളിക്കളത്തിൽ ഒരു കളിക്കാരൻ എന്ന നിലയിൽ ആക്രമണോത്സുകനായി തുടരുന്നു. എന്നാൽ, ഇതിൽ നിന്നെല്ലാം തികച്ചും വിപരീത സ്വഭാവമുള്ള വ്യക്തിയാണ് കളിക്കളത്തിന് പുറത്തെ വിരാട് കൊഹ്‌ലി. ഇന്ത്യൻ ടീമിലെ മറ്റു കളിക്കാരുടെ വാക്കുകളിൽ നിന്നും വീഡിയോകളിലൂടെയുമെല്ലാം സഹതാരങ്ങളുമൊത്ത് തമാശ ജനിപ്പിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുന്ന വിരാട് കോഹ്‌ലിയെ കാണാൻ കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ, ശ്രീലങ്കയ്‌ക്കെതിരായ ബെംഗളൂരുവിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിനിടെ, ആരാധകരെ ആവേശത്തിലാക്കുന്നതോടൊപ്പം സഹതാരങ്ങളെ രസിപ്പിക്കുന്ന കോഹ്‌ലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്നിംഗ്‌സ് ഇടവേളയ്‌ക്കിടെ കോഹ്‌ലി തന്റെ ടീമംഗങ്ങൾക്കൊപ്പം നിൽക്കുന്ന സമയം സഹതാരമായ ബുംറയുടെ ബൗളിംഗ് ആക്ഷൻ അനുകരിച്ചതാണ് കാണികളിലും സഹതാരങ്ങളിലും ചിരി പടർത്താൻ കാരണമായത്.

രണ്ട് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം എം.ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് തിരിച്ചെത്തിയതോടെ, ഇന്ത്യ ശ്രീലങ്ക ഡേ-നൈറ്റ് ടെസ്റ്റിൽ കോഹ്‌ലി വലിയ ആവേശത്തിലും സന്തോഷത്തിലും ആണെന്ന് മത്സരത്തിനിടെയുള്ള കോഹ്‌ലിയുടെ ഓരോ പ്രവർത്തികളും വ്യക്തമാക്കുന്നു.

പ്രഥമ ഐപിഎൽ സീസൺ മുതൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർ‌സി‌ബി) ഭാഗവും, 2014 മുതൽ 2021 വരെ ടീമിനെ നയിക്കുകയും ചെയ്ത കോഹ്ലിക്ക്, ഹോം ഗ്രൗണ്ടിലേക്കുള്ള തിരിച്ചുവരവായിരുന്നു ഇന്ത്യ ശ്രീലങ്ക മത്സരം.